ഇസ്രായേൽ കൊന്നൊടുക്കിയ ഫലസ്തീനി താരങ്ങൾക്ക് ഫുട്ബോൾ മാച്ച് സ്റ്റേഡിയത്തിൽ ആദരമൊരുക്കി സ്കോട്ടിഷ് ആക്ടിവിസ്റ്റുകൾ

ബുഡാപെസ്റ്റ്: ഹംഗറിയിൽ നടന്ന സ്കോട്ടിഷ്-ഇസ്രായേൽ മാച്ചിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയ നൂറുകണക്കിന് ഫലസ്തീൻ ഫുട്ബോൾ താരങ്ങളെ അനുസ്മരിച്ച് സ്കോട്ടിഷ് ആക്ടിവിസ്റ്റുകൾ. ഗ്ലാസ്കോയിലെ ഹാംപ്ഡൻ പാർക്ക് സ്റ്റേഡിയത്തിന് മുന്നിൽ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട ഫലസ്തീൻ താരങ്ങൾക്ക് പൂക്കൾ അർപ്പിച്ചും അവരുടെ ജേഴ്സിയും സ്കാഫും പ്രദർശിപ്പിച്ചും സ്കോട്ടിഷ് ആക്ടിവിസ്റ്റുകൾ ഐക്യദാർഢ്യം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട താരങ്ങളുടെ ഫോട്ടെയും പ്രതിഷേധക്കാർ പ്രദർശിപ്പിച്ചിരുന്നു. ഇസ്രായേലിനെതിരെ സ്കോട്ട്ലാൻഡിന്റെ വനിതാ ടീം മത്സരിക്കുന്നതിനിടെയായിരുന്നു ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ പ്രകടനം.
അടച്ചിട്ട സ്റ്റേഡിയത്തിന് പുറത്ത് ഫലസ്തീൻ അനുകൂലികളായ സ്കോട്ടിഷ് ആരാധകരുടെ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നു. ഇത് സമൂഹ മാധ്യമങ്ങളിലും ചർച്ചയായി. വളരെ സമാധാനപരമായി നടന്ന പ്രതിഷേധം ഫലസ്തീൻ താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരമാണെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു.
ഈ ആഴ്ച വെസ്റ്റ് ബാങ്കിൽ രണ്ട് പലസ്തീൻ ഫുട്ബോൾ കളിക്കാരായ റന്ദ് ഹലവാനി, നതാലി അബു ദിയ എന്നിവരെ അജ്ഞാതമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 700-ലധികം അത്ലറ്റുകളെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയത്. അതിൽ മികച്ച കരിയർ ഉള്ള കുട്ടികളും ഉൾപ്പെടും. 146-ലധികം സ്പോർട്സ് സൗകര്യങ്ങൾ പൂർണമായും നിലംപരിശാക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തിട്ടുണ്ടെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ‘ഫലസ്തീൻ പെലെ’ എന്ന് അറിയപ്പെട്ടിരുന്ന സുലൈമാൻ അൽ-ഒബൈദ്, ഖാൻ യൂനുസിലെ സിംഹമെന്നും അതികായനെന്നും വിളിക്കപ്പെട്ടിരുന്ന മുഹമ്മദ് ബറകത്ത്, ഫലസ്തീൻ ഫുട്ബോൾ പരിശീലകനായ ഹനി അൽ-മസ്ദാർ എന്നവർ കൊല്ലപ്പെട്ടവരിൽപ്പെടും.
ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ സ്പോർട്സ് ഫെഡറേഷനുകൾ മൗനം പാലിക്കുകയാണെന്നും ഇവർ ആരോപിച്ചു. വരാനിരിക്കുന്ന നേഷൻസ് ലീഗിൽ അയർലൻഡ് പുരുഷ ടീം ഇസ്രായേലിനെതിരെ കളിക്കാൻ വിസമ്മതിക്കണമെന്ന് ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്.
