87 പന്തിൽ സെഞ്ച്വറി, കുഞ്ഞ് സൂര്യവംശിയും പൊളിയാണ്!

സമസ്തിപുർ (ബിഹാർ): ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരം വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽനിന്ന് മറ്റൊരു മിന്നും പ്രകടനം കൂടി. വൈഭവിന്റെ ഇളയ സഹോദരൻ ആശിർവാദ് സൂര്യവംശിയാണ് പ്രാദേശിക പരിശീലന മത്സരത്തിൽ സെഞ്ച്വറിയുമായി കളംനിറഞ്ഞത്. ബിഹാറിലെ സമസ്തിപുറിൽ ക്രിക്കറ്റ് അക്കാദമി താജ്പുറിന് വേണ്ടി കളത്തിലിറങ്ങിയ ആശിർവാദ് 87 പന്തിൽ 103 റൺസാണ് അടിച്ചുകൂട്ടിയത്.
20 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ആശിർവാദിന്റെ ഇന്നിങ്സ്. 118.39 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. സഹോദരന്റെ ഈ തകർപ്പൻ നേട്ടത്തിന് പിന്നാലെ, സമൂഹമാധ്യമത്തിലൂടെ വൈഭവ് ആശിർവാദിനെ അഭിനന്ദിക്കുകയും ചെയ്തു.
ഐ.പി.എൽ 2026ലെ തകർപ്പൻ പ്രകടനത്തോടെയാണ് വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളിക്കപ്പെടുന്നത്. ടൂർണമെന്റിൽ കളിച്ച 16 മത്സരങ്ങളിൽനിന്ന് 776 റൺസ് അടിച്ചുകൂട്ടിയ വൈഭവ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. സായ് സുദർശൻ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി തുടങ്ങിയ വമ്പൻ താരങ്ങളെ പിന്തള്ളിയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്.
ജൂൺ ആറിന് ഇന്ത്യൻ ടീമിലേക്കുള്ള വൈഭവിന്റെ അരങ്ങേറ്റ വാർത്ത പുറത്തുവന്നതോടെ ജന്മനാടായ സമസ്തിപുറിലെ താജ്പുർ ഗ്രാമം ആഘോഷത്തിലായിരുന്നു. നാട്ടുകാരും ബന്ധുക്കളും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സന്തോഷം പങ്കുവെച്ചു. മകന്റെ നേട്ടത്തിൽ അഭിമാനവും സന്തോഷവും പങ്കുവെച്ച് പിതാവ് സഞ്ജീവ് സൂര്യവംശിയും രംഗത്തെത്തി. കുട്ടിക്കാലം മുതൽ വൈഭവ് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും രാജ്യത്തിനായി കളിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
