വിധിയെ തോൽപ്പിച്ച സുവർണക്കരുത്ത്; ദേശീയ പഞ്ചഗുസ്തിയിൽ ശബാബുദ്ദീന് സ്വർണം

മുഹമ്മദ് ശബാബുദ്ധീദ്ദീൻ
മഞ്ചേരി: കഠിനാധ്വാനവും തളരാത്ത മനസ്സാന്നിധ്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാവനൂർ ചേലപ്പുറം സ്വദേശിയായ മുഹമ്മദ് ശബാബുദ്ദീൻ. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദേശീയ ആംറെസ്ലിങ് (പഞ്ചഗുസ്തി) ചാമ്പ്യൻഷിപ്പിൽ പി.ഐ.യു സ്റ്റാൻഡിങ് ജൂനിയർ 23 +65 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് ഈ 21-കാരൻ നാടിന്റെ അഭിമാനമായി മാറിയത്.
ഒരു വർഷം മുമ്പ് കോളജിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് ശബാബിന് വലതുകൈയുടെ സ്വാധീനം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ആ ശാരീരിക ബുദ്ധിമുട്ടുകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. പരിമിതികളെ ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ഓരോ പോരാട്ടവും. ദേശീയ മത്സരത്തിൽ ആദ്യമായാണ് സ്വർണ മെഡൽ കരസ്ഥമാക്കുന്നത്. ഫൈനലിൽ നാഗാലാന്ഡ് താരത്തിന്റെ കരുത്തിനെ മറികടന്നാണ് സുവർണ നേട്ടം.
ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടുന്നതിന് മുമ്പ് സംസ്ഥാന -ജില്ല തലത്തിലും ശബാബുദ്ധീൻ തന്റെ കരുത്ത് തെളിയിച്ചിരുന്നു. വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന സംസ്ഥാന ആംറെസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ഷബാബുദ്ധീൻ ദേശീയ മത്സരത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
അഹമ്മദാബാദിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരുത്തരോട് മത്സരിച്ച്, ഒടുവിൽ 70 കിലോ കാറ്റഗറിയിൽ കേരളത്തിനായി സ്വർണം നേടുകയും ചെയ്തു. വലതുകൈക്ക് സംഭവിച്ച അപകടം കരിയറിന് ഒടുക്കമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണെന്ന് ശബാബുദ്ദീൻ തന്റെ പോരാട്ടവീര്യത്തിലൂടെ തെളിയിച്ചു. കാവനൂർ അങ്കത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ -സുൽഫത്ത് ദമ്പതികളുടെ മകനാണ്. മാസിൻ, ഫായിസ, നഷ്്വ എന്നിവർ സഹോദരങ്ങളാണ്.
