സമനില തെറ്റി കാനറികൾ! ബ്രസീൽ-മൊറോക്കോ പോരാട്ടം സമനിലയിൽ (1-1)

ന്യൂജഴ്സി: ഈ ലോകകപ്പിലെ ആദ്യ ഹെവി വെയ്റ്റ് പോരാട്ടത്തിൽ സമനിലക്കളി! ബ്രസീൽ-മൊറോക്കോ മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.

മത്സരത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഇസ്മാഈൽ സായ്ബരിയിലൂടെ (21ാം മിനിറ്റിൽ) മൊറോക്കോയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. അധികം വൈകാതെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ (32ാം മിനിറ്റിൽ) ബ്രസീലിനായി ഗോൾ മടക്കി. ആദ്യ മിനിറ്റു മുതൽ ആധിപത്യം പുലർത്തിയ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ, ബ്രസീലിന്റെ പ്രതിരോധ നിരക്ക് കടുത്ത ഭീഷണിയുയർത്തി. ആദ്യത്തെ 15 മിനിറ്റ് പന്തിന്‍റെ നിയന്ത്രണം മൊറോക്കോയുടെ കാലിലായിരുന്നു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് ടീം നഷ്ടപ്പെടുത്തിയത്.

ബ്രസീൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രഹീം ഡിയാസ് നൽകിയ ഒരു മനോഹര ത്രൂ ബാളാണ് ഗോളിലെത്തിയത്. മുന്നോട്ട് ഓടിക്കയറിയ ഗോൾ കീപ്പർ അലിസൺ ബക്കറിനു മുകളിലൂടെ സായ്ബരി പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി. ബോക്സിന്‍റെ ഇടതുവശത്തേക്ക് ബ്രൂണോ ഗ്യൂമറേസ് നൽകിയ പാസ് പിടിച്ചെടുത്ത വിനീഷ്യസ് പ്രതിരോധ താരത്തെ വെട്ടി ഒഴിഞ്ഞ് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ടാണ് ഗോളിലെത്തിയത്. ഇൻജുറി ടൈമിൽ ലൂകാസ് പക്വേറ്റയുടെ ഒരു കിടിലൻ സിസ്സർ കിക്ക് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോനു രക്ഷപ്പെടുത്തി.

ഇടവേളക്കുശേഷം ആഞ്ചലോട്ടി ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. കാസെമിറോയെ മാറ്റി ഫാബിനോയെയും ഇബാനെസിനു പകരം ഡാനിലോയെയും കളത്തിലിറക്കി. 62ാം മിനിറ്റിൽ ഹെൻറിക്കും മാതേയൂസ് കുൻഹയും പകരക്കാരായി എത്തിയെങ്കിലും ബ്രസീലിന്‍റെ കളിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പാസ്സിങ് ഗെയിമിലും ഒത്തിണക്കത്തിലും മൊറോക്കോക്കായിരുന്നു മുൻതൂക്കം.

ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ മൊറോക്കോയുടെ ഗോളെന്നുറിപ്പിച്ച രണ്ടു ഷോട്ടുകൾ അലിസൺ വിഫലമാക്കി. നീൽ അൽ അയ്നോയിയുടെ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ട് അലിസൺ തട്ടിയകറ്റി. റീബൗണ്ട് പന്ത് ഗോളാക്കാനുള്ള അയ്യൂബ് ബുവാദിയുടെ ശ്രമവും അലിസൺ തട്ടിയകറ്റി.

വിനീഷ്യസിനെയും ഇഗോർ തിയാഗോയെയും സ്ട്രൈക്കർമാരാക്കി 4-4-2 ശൈലിയിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിലെ കളത്തിലിറക്കിയത്. 4-2-3-1 ഫോർമേഷനിലാണ് മൊറോക്കോ കളിച്ചത്. ഇസ്മായിൽ സായ്ബരി സ്ട്രൈക്കർ റോളിലെത്തിയപ്പോൾ, സൂപ്പർതാരം ബ്രഹീം ഡിയാസ് വലതു വിങ്ങിലും എൽ ഖാനൂസ് ഇടതുവിങ്ങിലും കളിക്കാനിറങ്ങി.