ലോകകപ്പ്: ഉറുഗ്വേയോട് പോരുതാനൊരുങ്ങി സൗദിയുടെ ‘പച്ചപ്പരുന്തുകൾ’

ഉറുഗ്വേയെ നേരിടുന്നതിനുള്ള അവസാന വട്ട പരിശീലനത്തിൽ സൗദി ദേശീയ ടീം
റിയാദ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ഉറുഗ്വേയെ നേരിടാൻ സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം (ഗ്രീൻ ഫാൽക്കൺസ്) ഒരുക്കങ്ങൾ ശക്തമാക്കി. അമേരിക്കൻ സമയം തിങ്കളാഴ്ച വൈകുന്നേരമാണ് (സൗദി സമയം ചൊവ്വാഴ്ച) ഇരുടീമുകളും തമ്മിലുള്ള ആവേശപ്പോരാട്ടം നടക്കുക. ഇതിന് മുന്നോടിയായി ശനിയാഴ്ച യു.എസിലെ ഓസ്റ്റിൻ നഗരത്തിലുള്ള ക്യു2 സ്റ്റേഡിയത്തിൽ സൗദി ടീം വിപുലമായ പരിശീലനം നടത്തി.
കളിക്കാർക്ക് ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള വാം-അപ്പ് വ്യായാമങ്ങളോടെയാണ് ശനിയാഴ്ചത്തെ പരിശീലന സെഷൻ ആരംഭിച്ചത്. തുടർന്ന് പന്ത് കൈവശം വെച്ച് കളിക്കുന്നതിനുള്ള പ്രത്യേക പരിശീലനത്തിലും താരങ്ങൾ ഏർപ്പെട്ടു. ഇതിനുപിന്നാലെ മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ വൈവിധ്യമാർന്ന തന്ത്രപരമായ നീക്കങ്ങൾ കളിക്കാർ മൈതാനത്ത് ആവിഷ്കരിച്ചു.
സ്റ്റേഡിയത്തിെൻറ മുഴുവൻ നീളവും ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ വിപുലമായ ഒരു തന്ത്രപരമായ പരിശീലന മത്സരത്തോടെയാണ് കോച്ച് സെഷൻ അവസാനിപ്പിച്ചത്. ടീമിെൻറ അവസാനവട്ട ഒരുക്കങ്ങൾ ഞായറാഴ്ച വൈകുന്നേരം മയാമി നഗരത്തിലെ ഇൻറർ മയാമി ട്രെയിനിങ് സെൻറർ ഗ്രൗണ്ടിൽ നടക്കും. ഈ പരിശീലന സെഷെൻറ ആദ്യ 15 മിനിറ്റിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതായിരിക്കും. തുടർന്ന്, ഉറുഗ്വേയ്ക്കെതിരെയുള്ള നിർണായക മത്സരത്തെക്കുറിച്ചുള്ള ടീമിെൻറ പ്രതീക്ഷകളും പദ്ധതികളും പങ്കുവെക്കുന്നതിനായി മുഖ്യ പരിശീലകൻ മയാമി സ്റ്റേഡിയത്തിലെ കോൺഫറൻസ് ഹാളിൽ വെച്ച് വൈകുന്നേരം 3.45-ന് ഔദ്യോഗിക വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
