മൃതദേഹത്തിലെ മുറിവുകൾ എങ്ങനെയുണ്ടായി?”; മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൾ

തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മാക്കുട്ടി റാവുത്തറിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി മകൾ ബീഫാത്തിമ. പിതാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം നെന്മാറ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കി. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ നിന്നാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്.

മാക്കുട്ടി റാവുത്തർ 19-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 21ന് മാത്രമാണ് മരണവിവരം തങ്ങൾ അറിയുന്നതെന്നും, ഏകദേശം 36 മണിക്കൂറോളം മൃതദേഹം ശുചിമുറിയിൽ ആരും അറിയാതെ കിടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ബീഫാത്തിമ പറഞ്ഞു. ശുചിമുറിയിൽ വീണുകിടന്ന മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിലും ഇത്രയും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ വിവരം അറിയാൻ വൈകിയതിലും വലിയ ദുരൂഹതയുണ്ട്. സംഭവത്തിൽ ഉന്നതതലത്തിലുള്ള വിശദമായ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ബീഫാത്തിമ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *