വിസ ചതിച്ച സ്വപ്നവും സ്പെയിനിനെ തളച്ച വീരഗാഥയും; മത്സരശേഷം വോസിഞ്ഞ കരഞ്ഞത് എന്തിന്?

അമേരിക്ക : ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ തങ്ങളുടെ പേര് ആദ്യമായി എഴുതിച്ചേർത്തതിന്റെ ആവേശത്തിനിടയിലും, കേപ് വെർഡെയുടെ നായകനും ഗോൾകീപ്പറുമായ വോസിഞ്ഞയുടെ കണ്ണുകളിൽ നിറയുന്നത് നൊമ്പരത്തിന്റെ നനവാണ്. കരുത്തരായ സ്പെയിനിനെതിരെ ഗോൾരഹിത സമനിലയിൽ കുരുക്കി, ഏഴ് അതിശയകരമായ സേവുകളിലൂടെ ലോകത്തിന്റെ കൈയടി നേടിയപ്പോഴും, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം നേരിൽ കാണാൻ പ്രിയപ്പെട്ടവർ കൂടെയില്ലെന്ന യാഥാർത്ഥ്യം ഈ 40-കാരനെ വല്ലാതെ തളർത്തി.

മത്സരശേഷം ഗ്രൗണ്ടിൽ വെച്ചുതന്നെ താരം പൊട്ടിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെ ആകമാനം വികാരഭരിതരാക്കി. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനായി അമേരിക്കൻ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നിബന്ധനകളാണ് വോസിഞ്ഞയുടെ സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴലായത്. കേപ് വെർഡെയെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസയ്ക്കായി 15,000 ഡോളർ (ഏകദേശം 11.2 ലക്ഷം രൂപ) വരെ കെട്ടിവെക്കണമെന്ന നിബന്ധന വോസിഞ്ഞയുടെ അമ്മയ്ക്ക് തിരിച്ചടിയായി. ഏറെക്കാലമായി ആഗ്രഹിച്ച തന്റെ മകന്റെ ലോകകപ്പ് അരങ്ങേറ്റം കാണാൻ സാധിക്കാത്ത വേദനയിലാണ് ആ മാതാവ്.

“എന്റെ ജീവിതം ഞാൻ സമർപ്പിച്ചത് ഈ നിമിഷത്തിന് വേണ്ടിയാണ്. എന്റെ മുത്തശ്ശീമുത്തശ്ശന്മാർ എന്നെ വളർത്തിയതാണ്, അവർ ഇന്ന് എന്റെ കൂടെയില്ല. അമ്മയ്ക്കും വരാൻ സാധിച്ചില്ല. ആ വേദനയാണ് എന്നെക്കൊണ്ട് ഇങ്ങനെ കരയിപ്പിച്ചത്,” മത്സരശേഷം വോസിഞ്ഞ മാധ്യമങ്ങളോട് പറഞ്ഞു. 2012-ൽ തന്റെ 25-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവന്ന വോസിഞ്ഞ, പലതവണ കരിയർ അവസാനിപ്പിക്കാൻ ആലോചിച്ചെങ്കിലും ലോകകപ്പ് എന്ന സ്വപ്നം മാത്രമാണ് തന്നെ ഇത്രയും കാലം മുന്നോട്ട് നയിച്ചതെന്നും താരം വ്യക്തമാക്കി.

സ്പെയിനിന്റെ അതിശക്തമായ മുന്നേറ്റങ്ങളെ ഒറ്റയാൾ പട്ടാളത്തെപ്പോലെ തടഞ്ഞുനിർത്തിയ വോസിഞ്ഞയെ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയാണ് തെരഞ്ഞെടുത്തത്. എന്നാൽ, ഈ നേട്ടം തന്റെ സഹതാരങ്ങൾക്കെല്ലാം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വിനയത്തോടെ പറഞ്ഞു. “ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത് ഞങ്ങളുടെ ഐക്യമാണ്. ഞങ്ങളെല്ലാവരും കുടുംബത്തെപ്പോലെയാണ്. സ്പെയിനിനെപ്പോലൊരു വമ്പൻ ടീമിനെതിരെ കളിക്കുക എന്നത് അത്ര എളുപ്പമല്ല, പക്ഷേ ഞങ്ങൾ കളി ആസ്വദിക്കുക മാത്രമല്ല, ഞങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടുകയും ചെയ്തു,” വോസിഞ്ഞ കൂട്ടിച്ചേർത്തു.

കോച്ച് ബുബിസ്തയുടെ വാക്കുകളിൽ വോസിഞ്ഞയുടെ പ്രകടനം കേവലം ഒരു കളിക്കാരന്റെ മികവല്ല, മറിച്ച് കാബോ വെർദെയെന്ന രാജ്യത്തിന്റെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണ്. “വളരെ വികാരാധീനനായാണ് അവൻ കളിച്ചത്. ഇതൊരു വലിയ പോരാട്ടമായിരുന്നു. വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഇവിടെ എത്തിയവരാണ് ഞങ്ങളെല്ലാവരും. സ്പെയിനിനെതിരായ ഈ ഫലം ഞങ്ങളുടെ രാജ്യത്തിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്,” ബുബിസ്ത പറഞ്ഞു.

ലോകകപ്പിന്റെ ആദ്യ മത്സരത്തിൽത്തന്നെ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട്, സ്പെയിനിന്റെ ആക്രമണങ്ങളെ നിഷ്പ്രഭമാക്കിയ വോസിഞ്ഞയും സംഘവും, വരും മത്സരങ്ങളിലും അട്ടിമറികൾ ലക്ഷ്യമിട്ടാണ് പന്തുതട്ടുന്നത്. വിസ തടസ്സങ്ങൾ സമ്മാനിച്ച കണ്ണീർക്കഥകൾക്ക് അപ്പുറം, വോസിഞ്ഞയെന്ന ഇതിഹാസ ഗോൾകീപ്പർ തന്റെ രാജ്യത്തിന്റെ പ്രത്യാശയുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു.