തെഹ്റാഞ്ജലസ്; ഇറാൻ ആരാധകരുടെ ബേസ് ക്യാമ്പ്

തെഹ്റാഞ്ജലസിലെ പേർഷ്യൻ സ്ക്വയർ
ഈ ലോകകപ്പിലെ ഏറ്റവും ഒറ്റപ്പെട്ട ടീം ഇറാനായിരിക്കാം. ഫുട്ബാളല്ല പക്ഷേ അതിനു കാരണം. തങ്ങളുടെ രാജ്യവും ലോകകപ്പ് ആതിഥേയരായ യു.എസ്.എയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളാണ്. ഒരു വേള ലോകകപ്പിനുവരെ ഉണ്ടായേക്കില്ല എന്നു കരുതിയിരുന്ന ടീം ആ ദുർവിധിയിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഇപ്പോൾ യു.എസിൽ നേരിടുന്നതും മറ്റൊരു ടീമിനുമില്ലാത്ത സാഹചര്യങ്ങൾ തന്നെ. ന്യൂസിലൻഡിനെതിരായ ആദ്യ ഗ്രൂപ് മത്സരത്തിനു പിന്നാലെ ലോകകപ്പ് സംഘാടകരുടെ നിർദേശപ്രകാരം രായ്ക്കുരാമാനം ഇറാന് ടീം ബേസ് ക്യാമ്പായ മെക്സികോയിലെ ടിജുവാനയിലേക്കു മടങ്ങേണ്ടി വന്നു. നാലു മണിക്കൂറോളം നീണ്ട ബസ് യാത്രയായിരുന്നു അത്. മൈതാനത്തിനുപുറത്ത് ഇങ്ങനെ പലവിധ വെല്ലുവിളികൾ നേരിടുന്ന ഇറാന് പക്ഷേ മറ്റു പല ടീമുകൾക്കുമില്ലാത്ത ഒന്ന് യു.എസിൽ സ്വന്തമായുണ്ട്- സ്വന്തമായി ഒരു പ്രദേശം. പേര് തെഹ്റാഞ്ജലസ്!
പേരു സൂചിപ്പിക്കുന്ന പോലെ ലോസ് ആഞ്ജലസ്, തെഹ്റാൻ എന്നീ രണ്ടു വാക്കുകളുടെ മിശ്രണമാണ് തെഹ്റാഞ്ജലസ്. ഇറാനിയൻ തലസ്ഥാനമായ തെഹ്റാനും യു.എസ് നഗരമായ ലോസ് ആഞ്ജലസും ചേർത്തുള്ള പോട്ട്മാൻടോ (portmanteau) വാക്ക്. ഇറാനു പുറത്ത് ഏറ്റവുമധികം ഇറാനിയൻ വംശജരുള്ള ലോകനഗരമാണ് ലോസ് ആഞ്ജലസ്. ഏകദേശം അഞ്ചു ലക്ഷം മുതൽ ഏഴു ലക്ഷം ഇറാൻകാർ ലോസ് ആഞ്ജലസിലും സമീപ പട്ടണങ്ങളിലുമായുണ്ട് എന്നാണ് കണക്ക്. ഇറാനിയൻ വംശജരുടെ വൻതോതിലുള്ള ഈ കുടിയേറ്റം ലോസ് ആഞ്ജലസിലെ വെസ്റ്റ്വുഡ് പോലെയുള്ള ചില പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. പേർഷ്യൻ പേരുകളുള്ള ഷോപ്പിങ് മാളുകളും റസ്റ്റാറന്റുകളുമായി തെഹ്റാൻ തെരുവുകളിലെത്തിയ പ്രതീതി. തെഹ്റാഞ്ജലസ് എന്ന പേരു വന്നതും അതുകൊണ്ടുതന്നെ. ലിറ്റിൽ ഇറാൻ, ലിറ്റിൽ പേർഷ്യ എന്നിവയാണ് മറ്റു വിശേഷണങ്ങൾ.
ബ്രിങ് യുവർ ഓൺ ബാബ
ലോകകപ്പിൽ ഇറാൻ ടീമിന്റെ ബേസ് ക്യാമ്പ് മെക്സികോയിലാണെങ്കിലും അവരുടെ ആരാധകരുടെ ബേസ് ക്യാമ്പ് തെഹ്റാഞ്ജലസാണ്. ലോകകപ്പ് ആവേശം തെഹ്റാഞ്ജലസിനെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട് എന്നാണ് അവിടെ നിന്നുള്ള വാർത്തകൾ. അതിനു പ്രധാന കാരണം ഇറാൻ ദേശീയ ടീമിന്റെ സാന്നിധ്യം തന്നെ. ടീം മെല്ലി എന്നറിയപ്പെടുന്ന ഇറാൻ ടീം ആദ്യ മത്സരം കളിച്ചത് നഗരത്തിനു ഒമ്പതു മൈൽ മാത്രം അകലെയുള്ള ഇംഗിൾവുഡിലാണ്. മത്സരത്തോടനുബന്ധിച്ച് തെഹ്റാഞ്ജലസിലെ കഫേകളും റസ്റ്റാറന്റുകളുമെല്ലാം മത്സരം കാണാനും ഭക്ഷണം കഴിക്കാനുമുള്ള വാച്ച് പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഇറാനിലെ നിലവിലെ രാഷ്ട്രീയ നേതൃത്വത്തോട് വിയോജിപ്പുള്ളവർ തെഹ്റാഞ്ജലസിൽ ഏറെയുണ്ടെങ്കിലും അവരിൽ പലരും ദേശീയ ഫുട്ബാൾ ടീമിനെ ആ കണ്ണിലൂടെ കാണുന്നില്ല. മനസ്സില്ലാമനസ്സോടെ തങ്ങൾക്കു വിട്ടുപോരേണ്ടിവന്ന മണ്ണിന്റെ മണം പേറുന്നവരാണ് അവർക്ക് മെഹ്ദി തരേമിയുടെ നേതൃത്വത്തിലുള്ള ടീം. ടീം അമേരിക്കൻ മണ്ണിൽ അനുഭവിക്കുന്ന അനിശ്ചിതത്വങ്ങളിൽ അവർക്കു സഹതാപവുമുണ്ട്. ഇന്ത്യൻ സമയം ഇന്നുരാത്രി 12.30ന് ഇറാൻ തങ്ങളുടെ രണ്ടാം മത്സരം കളിക്കുന്നതും ഇംഗിൾവുഡിൽ തന്നെ. ലോക പിതൃദിനത്തിൽ നടക്കുന്ന ആ മത്സരത്തിന് ആളെക്കൂട്ടാൻ തെഹ്റാഞ്ജലസിലെ ഒരു കഫേ നടത്തുന്ന കാമ്പയിൻ ഇങ്ങനെ- BYOB. ബ്രിങ് യുവർ ഓൺ ബാബ (നിങ്ങളുടെ പിതാവിനെയും കൂട്ടി കളി കാണാൻ വരൂ) എന്നതുതന്നെ.
കാർപറ്റും പനിനീർ പൂക്കളും
രാഷ്ട്രീയ നിലപാടുകളാൽ രാജ്യാന്തര നയതന്ത്രരംഗത്ത് പലപ്പോഴും ഒറ്റപ്പെട്ടുനിൽക്കുന്ന ഇറാന്റെ ഏറ്റവും വലിയ സൗഹൃദ തന്ത്രങ്ങളിലൊന്നാണ് ഫുട്ബാൾ. പക്ഷേ, അതിനവർ ഉപയോഗിക്കുന്നത് പന്തല്ല; പ്രശസ്തമായ പേർഷ്യൻ കാർപറ്റുകളാണ്. തങ്ങൾ സൗഹാർദം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നിർമിച്ച കാർപറ്റുകൾ നൽകുക എന്നത് ഇറാന്റെ രീതിയാണ്. ഫുട്ബാൾ ലോകത്ത് ആദ്യമായി ഇറാനിയൻ കാർപറ്റ് ലഭിച്ചത് ഫ്രാൻസ് താരം സിനദിൻ സിദാനാണ്. 1998 ലോകകപ്പ് കാലത്ത് അന്നത്തെ ഫിഫ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്റർ വഴിയാണ് സിദാന് കാർപറ്റ് സമ്മാനിച്ചത്. ഇറാന്റെ ആദ്യ ലോകകപ്പായിരുന്നു അത്. രാഷ്ട്രീയ എതിരാളികളായ അമേരിക്കക്കെതിരെ അഭിമാന ജയം നേടി ഇറാൻ ഫ്രാൻസ് ലോകകപ്പിനെ അവിസ്മരണീയമാക്കി. അന്നു പക്ഷേ മത്സരത്തിനുമുമ്പ് കാർപറ്റല്ല ഇറാൻ താരങ്ങൾ അമേരിക്കൻ കളിക്കാർക്കു നൽകിയത്- വെള്ള പനിനീർ പൂക്കളാണ്.
