മഴയെത്തി; സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ടി.കെ കോളനി ഒളർവട്ടം

ടി.കെ. കോളനി ഒളർവട്ടം തടയണയിൽ കുളിക്കുന്ന വിനോദ സഞ്ചാരികൾ

പൂക്കോട്ടുംപാടം: കാലവർഷമെത്തിയതോടെ പ്രകൃതിഭംഗി തുളുമ്പുന്ന കോട്ടപ്പുഴയിലെ ടി.കെ. കോളനി ഒളർവട്ടം കടവ് സഞ്ചാരികളെക്കൊണ്ട് സജീവമാകുന്നു. പുഴക്കുകുറുകെയുള്ള തടയണയും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചെറിയ ചാലും ചേർന്നൊരുക്കുന്ന മനോഹരമായ കാഴ്ചയാണ് അവധിദിനങ്ങളിൽ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ചെറുതോടിലൂടെ വാട്ടർ സ്ലൈഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വെള്ളമൊഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഒളർവട്ടം കെട്ടുങ്ങൽ തടയണ, പൂത്തോട്ടം കടവ്, ആനകുണ്ട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചത്. തടയണ ഭിത്തിയിലും സമീപത്തെ പാറക്കൂട്ടങ്ങളിലും പ്രാദേശിക കലാകാരൻ മാജി പന്നിക്കോട്ടുമുണ്ട വരച്ചുചേർത്ത വന്യമൃഗങ്ങളുടെ ചിത്രങ്ങളും സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നുണ്ട്.

എന്നാൽ, ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമല്ലാത്തതിനാൽ പ്രദേശത്തെ സുരക്ഷ പരിമിതികൾ വലിയ ആശങ്ക ഉയർത്തുന്നു. വനമേഖലയിലും മലമുകളിലും മഴ ശക്തമാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലും പുഴയിലെ വഴുക്കലുള്ള പാറക്കെട്ടുകളും അപകടസാധ്യത വർധിപ്പിക്കുകയാണ്. മുമ്പ് ഇവിടെ മുങ്ങിമരണം റിപ്പോർട്ട് ചെയ്തി ട്ടുള്ളതിനാൽ പുഴയിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ, ഒളർവട്ടം കടവ് ഉൾപ്പെടെ പ്രദേശങ്ങളെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച് മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി യുവജന സംഘടനകൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്.