തിരിച്ചുവരവ് രാജകീയമാക്കി സുൽത്താൻ; പെലെയ്ക്കൊപ്പമെത്തി നെയ്മർ

മയാമി: പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ചരിത്ര നേട്ടം. ലോകകപ്പിൽ ബ്രസീലിനായി നാല് വ്യത്യസ്ത പതിപ്പുകളിൽ ബൂട്ടണിയുന്ന നാലാമത്തെ താരമെന്ന അപൂർവ നേട്ടമാണ് സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തോടെ നെയ്മർ സ്വന്തമാക്കിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചു.

നാല് ലോകകപ്പുകളിൽ കളിക്കുന്ന ബ്രസീലിയൻ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലാണ് നെയ്മർ ഇടംപിടിച്ചത്. ഫുട്ബാൾ ഇതിഹാസം പെലെ (1958, 1962, 1966, 1970), ജാൽമ സാന്റോസ് (1954, 1958, 1962, 1966), കഫു (1994, 1998, 2002, 2006) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ. 2014, 2018, 2022 ലോകകപ്പുകൾക്ക് ശേഷം 2026-ലും കളത്തിലിറങ്ങിയതോടെയാണ് നെയ്മർ ഈ ഇതിഹാസങ്ങൾക്കൊപ്പമെത്തിയത്. മറ്റൊരു ചരിത്ര നേട്ടം കൂടി നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. നാല് ലോകകപ്പുകളിൽ ബ്രസീലിന്റെ ഇതിഹാസ ജഴ്സിയായ 10-ാം നമ്പർ അണിയുന്ന രണ്ടാമത്തെ താരമായി നെയ്മർ മാറി. പെലെ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

നീണ്ട കാത്തിരിപ്പിനൊടുവിൽ കളത്തിലേക്ക്

മൂന്ന് വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 34-കാരനായ നെയ്മർ ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. 2022 ഡിസംബർ 9-ന് ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനലിലായിരുന്നു താരം അവസാനമായി ലോകകപ്പ് കളിച്ചത്. പിന്നീട് 2023 ഒക്ടോബർ 17-ന് ഉറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയേറ്റ ഗുരുതരമായ കാൽമുട്ട് പരിക്കാണ് താരത്തെ ദീർഘകാലം കളിക്കളത്തിൽ നിന്ന് അകറ്റിയത്.

വിനീഷ്യസിന്റെ ഇരട്ടഗോൾ; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ

മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് അനായാസ ജയം സമ്മാനിച്ചത്. സ്കോട്ടിഷ് പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത് ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ വിനീഷ്യസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തകർപ്പനൊരു ഹെഡറിലൂടെ ലീഡ് ഉയർത്തി. 60-ാം മിനിറ്റിൽ ബ്രൂണോ ഗിമാറെസിന്റെ പാസിൽ നിന്ന് മത്തേയൂസ് കുഞ്ഞ ബ്രസീലിന്റെ മൂന്നാം ഗോളും നേടി. കാർലോ ആഞ്ചലോട്ടിയുടെ പരിശീലനത്തിനിറങ്ങിയ ബ്രസീൽ 7 പോയിന്റോടെ ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശിച്ചത്. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ ഹെയ്തി, സ്കോട്ട്‌ലൻഡ് എന്നിവരെ പരാജയപ്പെടുത്തി മികച്ച ഫോമിലാണ്.

ആവേശമായി നെയ്മറുടെ മടങ്ങിവരവ്

മത്സരത്തിന്റെ 76-ാം മിനിറ്റിൽ മത്തേയൂസ് കുഞ്ഞയ്ക്ക് പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയത്. മയാമിയിലെ കാണികൾ എഴുന്നേറ്റുനിന്നാണ് താരത്തെ വരവേറ്റത്. വെറും 15 മിനിറ്റ് മാത്രമേ കളിച്ചുള്ളൂവെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 92 ശതമാനം പാസിങ് കൃത്യത (14-ൽ 13 പാസുകളും വിജയകരം) പുലർത്തിയ നെയ്മർ രണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കളിക്കാൻ കഴിഞ്ഞത് ആൻസലോട്ടിക്കും ബ്രസീൽ ആരാധകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. തന്റെ കരിയറിലെ “ഏറ്റവും സവിശേഷമായ ദിനങ്ങളിലൊന്ന്” എന്നാണ് ഈ തിരിച്ചുവരവിനെ നെയ്മർ വിശേഷിപ്പിച്ചത്. ഫോമിലുള്ള വിനീഷ്യസ് ജൂനിയറിനൊപ്പം നെയ്മർ കൂടി എത്തുന്നതോടെ നോക്കൗട്ട് ഘട്ടത്തിൽ ബ്രസീലിന്റെ മുന്നേറ്റ നിര കൂടുതൽ അപകടകാരികളാകുമെന്നാണ് വിലയിരുത്തൽ.