പെരിന്തല്‍മണ്ണയിലെ ‘ക്രിയ’ പ്രോജക്ടിന്റെ വിശദാംശങ്ങൾ തേടി പ്രിയങ്ക ഗാന്ധി

പെരിന്തല്‍മണ്ണ: വിദ്യാഭ്യാസ രംഗത്ത് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ‘ക്രിയ’ പ്രോജക്ടിനെ പ്രശംസിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. പദ്ധതി സംബന്ധിച്ച് നേരിട്ടറിയാന്‍ പ്രിയങ്ക ഗാന്ധി നജീബ് കാന്തപുരത്തെ ഫോണില്‍ വിളിക്കുകയും പിന്നീട് കൂടിക്കാഴ്ച നടത്തി വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെകുറിച്ചും സിവില്‍ സര്‍വിസ് അക്കാദമിയുടെ പ്രവർത്തനങ്ങളെകുറിച്ചും പ്രിയങ്ക ഗാന്ധി ചോദിച്ചറിഞ്ഞു. ഞായറാഴ്ച വൈകീട്ട് കോഴിക്കോടുവെച്ചാണ് കൂടിക്കാഴ്ച നടന്നത്.
മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി നടപ്പാക്കിവരുന്നതാണ് ക്രിയ പദ്ധതി. വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരവും സൗകര്യവും ഒപ്പം പ്രോത്സാഹനവും നൽകുന്നതാണ് പദ്ധതി. എൻ.ജി.ഒകളുടെ സഹായത്തോടെ വിദ്യാഭ്യാസ ശാക്തീകരണമാണ് പ്രധാനമായി നടത്തുന്നത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിശദമായ സർവേയും പൂർത്തിയാക്കിയിട്ടുണ്ട്.
സർക്കാർ വിഹിതം ചെലവിട്ട് ഇതിന്റെ ഭാഗമായി അടിസ്ഥാന വികസന പദ്ധതികളും ആലോചിക്കുന്നുണ്ട്. ക്രിയ പദ്ധതിക്ക് വേണ്ടിയുള്ള കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമായി ഈ കൂടിക്കാഴ്ച മാറിയെന്ന് നജീബ് കാന്തപുരം പറഞ്ഞു. പെരിന്തല്‍മണ്ണയിലെ മാതൃക വയനാട്ടിലും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
