വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ ഫയൽ നീങ്ങുന്നില്ല; അധ്യാപകരുടെ ശമ്പളം മുടങ്ങാൻ സാധ്യത

വേങ്ങര: നൂറിലധികം സ്‌കൂളുകളെ നിയന്ത്രിക്കുന്ന വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ നിന്ന് ഫയലുകൾ നീങ്ങാത്തത് ശമ്പളത്തെ ബാധിക്കുമെന്ന് അധ്യാപകരുടെയും ജീവനക്കാരുടെയും പരാതി. പ്രധാനാധ്യാപകരില്ലാത്ത നിരവധി സ്‌കൂളുകളിലെയും ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെയും ജീവനക്കാരുടെയും അധ്യാപകരുടെയും ജൂൺ മാസത്തെ ശമ്പളം മുടങ്ങുമെന്നാണ് ആശങ്ക. ഈ ഓഫിസിലെ സൂപ്രണ്ട് പ്രമോഷൻ ലഭിച്ച് പോയിട്ട് ഒരാഴ്ചയായി. 2025 ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിച്ച പ്രധാനാധ്യാപകരുടെ ആനുകൂല്യങ്ങൾപോലും ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഈ ഫയലുകളെല്ലാം പൂർത്തിയാക്കി പഴയ സൂപ്രണ്ട് ഫയലുകൾ എ.ഇ.ഒയെ ഏൽപിച്ചതായി പറയുന്നു.
അതേസമയം, കഴിഞ്ഞ മാസം 26ന് വേങ്ങര എ.ഇ.ഒയെ പരപ്പനങ്ങാടിയിലേക്കും പരപ്പനങ്ങാടി എ.ഇ.ഒയെ താനൂരിലേക്കും താനൂർ എ.ഇ.ഒയെ വേങ്ങരയിലേക്കും അടിയന്തരമായി ട്രാൻസ്ഫർ ചെയ്തുകൊണ്ടുള്ള ഓർഡർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, മൂന്ന് എ.ഇ.ഒമാരും പുതുതായി നിയമനം ലഭിച്ച ഓഫിസുകളിലേക്ക് മാറിയിട്ടില്ല. പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന നിർദേശത്തോടെ ഇറക്കിയ ഉത്തരവ് മൂന്നു പേരും പാലിക്കാത്തതിന്റെ കാരണം ദുരൂഹമാണ്.
ജൂൺ 20നാണ് വേങ്ങര എ.ഇ ഓഫിസിലെ സൂപ്രണ്ട് പ്രമോഷൻ ലഭിച്ച് പോയത്. പുതിയ സൂപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല. സൂപ്രണ്ടിന്റെ ചുമതല കൂടിയുള്ള എ.ഇ.ഒ പുതിയ സൂപ്രണ്ടിന്റെ വരവും കാത്തിരിപ്പാണെന്നറിയുന്നു. ഓഫിസ് ജീവനക്കാരുടെയും പ്രധാനാധ്യാപകരില്ലാത്ത നിരവധി സ്കൂളുകളിലെ അധ്യാപകരുടെ പി.എഫും പാസ്സാക്കാതെ കിടക്കുകയാണ്. 2025ലും 2026ലും വിരമിച്ച അധ്യാപകരുടെ ഫയലുകളും ഓഫിസിൽ ഉറങ്ങുന്നു. ഇതിനിടയിലാണ് എ.ഇ.ഒയെ സ്ഥലം മാറ്റി ഉടൻ പ്രാബല്യത്തിൽ ഉത്തരവ് ഇറങ്ങിയത്. എന്നാൽ, ഇതുവരെയും എ.ഇ.ഒ റിലീവ് ചെയ്തിട്ടില്ല. ഇതിനൊരു പരിഹാരം കാണണമെന്ന് അധ്യാപകരും ജീവനക്കാരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.
