എംബാപ്പെയെ മറികടക്കുമോ; ഗോൾഡൻ ബൂട്ട് തിരിച്ചുപിടിക്കാൻ മെസ്സി ഇന്നിറങ്ങുന്നു

കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയ്ക്ക് മുന്നിൽ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി ഇന്നിറങ്ങുന്നു. ഇന്ന് രാത്രി നടക്കുന്ന നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്ന മെസ്സിക്ക് സ്വിസ് പടയ്ക്കെതിരെ തിളങ്ങാനായാൽ ഗോൾഡൻ ബൂട്ട് റേസിൽ വീണ്ടും തലപ്പത്തെത്താം.

ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ നേടിയ ഗോളോടെയാണ് ലയണൽ മെസ്സിയെ പിന്തള്ളി എംബാപ്പെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമതെത്തിയത്. നിലവിൽ ഇരുവർക്കും ടൂർണമെന്റിൽ എട്ട് ഗോളുകൾ വീതമാണുള്ളതെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിലെ മുൻതൂക്കമാണ് എംബാപ്പെയ്ക്ക് തുണയായത്. മൂന്ന് അസിസ്റ്റുകളുള്ള എംബാപ്പെ ഒന്നാം സ്ഥാനത്തും, ഒരു അസിസ്റ്റ് മാത്രമുള്ള മെസ്സി നിലവിൽ രണ്ടാമതുമാണ്.

മൊറോക്കോയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയിലെ തകർപ്പൻ ഗോളിലൂടെയും ഒസ്മാൻ ഡെംബെലെയ്ക്ക് നൽകിയ അസിസ്റ്റിലൂടെയുമാണ് ഫ്രഞ്ച് നായകൻ തന്റെ മികവ് തെളിയിച്ചത്. ഏഴ് ഗോളുകളുമായി നോർവെയുടെ എർലിങ് ഹാളണ്ടും ആറ് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്നുമാണ് മെസ്സിക്കും എംബാപ്പെയ്ക്കും പിന്നിലുള്ളത്. അഞ്ച് ഗോളുകൾ നേടിയ ഫ്രഞ്ച് താരം ഡെംബെലെയും ഗോൾഡൻ ബൂട്ട് സാധ്യതകളിൽ മുൻപന്തിയിലുണ്ട്.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിലും മെസ്സിയും എംബാപ്പെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 21 ഗോളുകളുമായി മെസ്സിയാണ് നിലവിൽ മുന്നിലുള്ളത്. മൊറോക്കോയ്ക്കെതിരെ വലകുലുക്കിയതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 20 ആയി. 2018, 2022, 2026 ലോകകപ്പുകളിലായി വെറും 20 മത്സരങ്ങളിൽ നിന്നാണ് എംബാപ്പെ ഈ നേട്ടത്തിലെത്തിയത്. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് (12 ഗോളുകൾ) എംബാപ്പെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് സ്വിറ്റ്സർലൻഡിനെതിരെ ബൂട്ടുകെട്ടുമ്പോൾ എംബാപ്പെയുടെ റെക്കോർഡുകൾ പഴങ്കഥയാക്കാനും തന്റെ സിംഹാസനം തിരിച്ചുപിടിക്കാനുമാകും മെസ്സിയുടെ ശ്രമം.