പരപ്പനങ്ങാടി തീര സംരക്ഷണത്തിന് ഫിഷറീസ് വകുപ്പിന്റെ പച്ചക്കൊടി

പരപ്പനങ്ങാടി: തീരപ്രദേശത്തെ രൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുകയും ഇല്ലാത്ത ഭാഗങ്ങളിൽ പുതിയവ നിർമിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീർ നൽകിയ പ്രപ്പോസലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേർത്തത്. പൂണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സി.ഡബ്ല്യു.പി.ആർ.എസ് ) ശാസ്ത്രജ്ഞർ, ഹാർബർ എൻജിനീയറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ, ഫിഷറീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തീര സംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതികവും ശാസ്ത്രീയവുമായ വശങ്ങൾ വിശദമായി വിലയിരുത്തി. പരപ്പനങ്ങാടിയിൽ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചതിനുശേഷം ഹാർബറിനോട് ചേർന്ന തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്രശ്നം പരിഹരിക്കുന്നതിന് തീരസംരക്ഷണ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.എം.എ. സമീർ എം.എൽ.എ ഫിഷറീസ് വകുപ്പിന് പ്രപ്പോസൽ സമർപ്പിച്ചിരുന്നു. ഹാർബർ നിർമാണവുമായി ബന്ധപ്പെട്ട മുൻ യോഗങ്ങളിലും എം.എൽ.എ വിഷയം ഉന്നയിച്ചിരുന്നു. യോഗത്തിൽ പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 10നകം പൂണെയിലെ സി.ഡബ്ല്യു.യു.പി.ആർ.എസ് ശാസ്ത്രജ്ഞരും ഹാർബർ എൻജിനീയറിങ്, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരപ്പനങ്ങാടി തീരപ്രദേശത്ത് നേരിട്ടെത്തി സ്ഥലപരിശോധന നടത്തും.
സാധ്യതാ പഠനത്തിന്റെ ഭാഗമായി പ്രീ-മൺസൂൺ, പോസ്റ്റ്-മൺസൂൺ കാലഘട്ടങ്ങളിലെ തീര മാറ്റങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളും വിശദമായ റിപ്പോർട്ടുകളും ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ യോഗത്തിൽ അറിയിച്ചു. ഈ രണ്ട് കാലഘട്ടങ്ങളിലെയും പഠന റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ അന്തിമ സാങ്കേതിക റിപ്പോർട്ട് തയാറാക്കി ശുപാർശകൾ സമർപ്പിക്കാൻ കഴിയുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. പരപ്പനങ്ങാടി തീരദേശത്തെ കടലാക്രമണ പ്രശ്നത്തിന് ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സുപ്രധാന നടപടിയായാണ് യോഗത്തിലെ തീരുമാനങ്ങൾ വിലയിരുത്തപ്പെടുന്നത്.
