'എന്നോട് മര്യാദയ്ക്ക് സംസാരിക്കണം', പോർച്ചുഗീസ് റഫറിയോട് ചൂടായി മെസ്സി; വീഡിയോ

കൻസാസ് സിറ്റി: 2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടം അർജന്റീനയ്ക്ക് സെമി ടിക്കറ്റ് മാത്രമല്ല നൽകിയത്, മൈതാനത്തെ ചില നാടകീയ സംഭവങ്ങൾക്കും കൂടിയാണ് കൻസാസ് സിറ്റി സാക്ഷ്യം വഹിച്ചത്. എക്കാലത്തും മൈതാനത്ത് തികഞ്ഞ ശാന്തത കാത്തുസൂക്ഷിക്കുന്ന ക്യാപ്റ്റൻ ലയണൽ മെസ്സി പോർച്ചുഗീസ് റഫറിയോട് കയർത്തു സംസാരിക്കുന്ന അപൂർവ കാഴ്ചയാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിൽ 3-1 നാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറിയത്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ വിവാദ സംഭവം അരങ്ങേറിയത്.
തർക്കത്തിന് കാരണം.മത്സരത്തിന്റെ ഒന്നാം പകുതിയിൽ സ്വിറ്റ്സർലൻഡിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് തടയാൻ അർജന്റീനയുടെ പ്രതിരോധ മതിൽ തീർക്കുന്നതിനിടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. നിയമപരമായ അകലത്തിലേക്ക് മാറിനിൽക്കാൻ പോർച്ചുഗീസ് റഫറിയായ ജോവോ പെഡ്രോ പിൻഹീറോ മെസ്സിയോട് ആവശ്യപ്പെട്ടു. എന്നാൽ റഫറി സംസാരിച്ച രീതിയും ആജ്ഞാപിക്കുന്ന തരത്തിലുള്ള പെരുമാറ്റവും മെസ്സിയെ പ്രകോപിപ്പിക്കുകയായിരുന്നു.
ഫ്രീ കിക്ക് എടുത്തതിന് ശേഷവും അസംതൃപ്തനായ മെസ്സി വീണ്ടും റഫറിയുടെ അടുത്തേക്ക് നീങ്ങുകയും തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തികച്ചും ശാന്തനായാണ് പ്രതികരിച്ചതെങ്കിലും മെസ്സിയുടെ വാക്കുകളിൽ രോഷം പ്രകടമായിരുന്നു. “മിസ്റ്റർ, എന്നോട് മര്യാദയ്ക്ക് സംസാരിക്കണം. എന്നെ അനാദരിക്കരുത്. എന്നോട് മാന്യമായി സംസാരിക്കൂ, ഞാൻ നിങ്ങളോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്.”
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്. യൂറോപ്പിലെ തന്നെ മികച്ച യുവ റഫറിമാരിൽ ഒരാളും യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം പരിചയസമ്പത്തുമുള്ള വ്യക്തിയാണ് 38-കാരനായ ജോവോ പിൻഹീറോ.
അർജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ കോർണർ കിക്കിലൂടെ അലക്സിസ് മാക് അലിസ്റ്റർ ആദ്യ ഗോൾ നേടിയെങ്കിലും, ഡാൻ എൻഡോയിയിലൂടെ സ്വിസ് പട സമനില പിടിച്ചു. എന്നാൽ സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോ ഫൗൾ ലഭിക്കാനായി ഡൈവ് ചെയ്തു എന്ന് ആരോപിച്ച് വാർ പരിശോധനയ്ക്ക് ശേഷം റഫറി അദ്ദേഹത്തിന് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ഇതോടെ പത്ത് പേരുമായാണ് സ്വിസ് ടീം പിന്നീട് കളിച്ചത്.
നിശ്ചിത സമയത്ത് 1-1 ന് സമനില പാലിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് അർജന്റീന വിജയം പിടിച്ചെടുത്തത്. ജൂലിയൻ അൽവാരസിന്റെ ഒരു മാസ്മരിക ഗോളും, ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളും അർജന്റീനയ്ക്ക് 3-1 ന്റെ ആവേശജയം സമ്മാനിച്ചു.
ജൂലൈ 16 ന് അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ. പ്രീക്വാർട്ടറിലും ക്വാർട്ടറിലും 120 മിനിറ്റ് വീതം കളിച്ച് കടുത്ത ക്ഷീണത്തിലായ മെസ്സിക്ക് സെമിക്ക് മുൻപായി ലഭിക്കുന്ന ചെറിയ ഇടവേള വളരെ നിർണായകമാകും. ഈ ലോകകപ്പിൽ ആദ്യമായി മെസ്സിക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, തന്റെ മാസ്മരിക അസിസ്റ്റുകളിലൂടെ അദ്ദേഹം ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
