മാധ്യമം വാർത്ത തുണയായി; അജയനെ തേടി കൂട്ടുകാരെത്തി

മൂവാറ്റുപുഴ: പക്ഷാഘാതം വന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തവനൂർ സ്വദേശി അജയനെ (48) നാട്ടുകാരുടെ കൂട്ടായ്മ ഏറ്റെടുക്കുന്നു. ആരോ ആശുപത്രിയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച അജയനെ ആഴ്ചകളായി ഡോ. ഷാജഹാന്റെ നേതൃത്വത്തിൽ നഴ്‌സുമാരും ജീവനക്കാരുമാണ് നോക്കി വന്നിരുന്നത്. പക്ഷാഘാതം വന്ന് സംസാര ശേഷി നഷ്ടപ്പെട്ട ഇയാളെ ഏറ്റെടുക്കാനോ കൂട്ടിരിക്കാനോ ആരുമില്ലാതെ വന്നതോടെ ബന്ധുക്കളെ തിരഞ്ഞങ്കിലും ബന്ധുക്കളാരും എത്തിയിരുന്നില്ല. ആശുപത്രി അധികൃതർ അജയനിൽ നിന്നും ലഭിച്ച നമ്പറിൽ വീട്ടിൽ വിളിച്ചങ്കിലും ആരും എത്താൻ തയാറായില്ല. അജയന്‍റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയതിനെ തുടർന്നാണ് നാട്ടിൽ വിവരം അറിഞ്ഞത്.
ഇതോടെ സഹപാഠികളും സുഹൃത്തുക്കളും ശനിയാഴ്ച ആശുപതിയിൽ എത്തി വിവരങ്ങൾ തിരക്കി. ദുരവസ്ഥ ബോധ്യപ്പെട്ടതോടെ നാട് കൈകോർത്തു. തവനൂർ കടകശേരി ഐഡിയൽ സ്‌കൂളിൽ ചേർന്ന യോഗത്തിൽ അജയനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ സഹായ സമിതി തീരുമാനിച്ചു. തിങ്കളാഴ്ച സമിതി അംഗങ്ങൾ മൂവാറ്റുപുഴയിൽ എത്തി അജയനെ തവനൂരിൽ എത്തിക്കും. പക്ഷാഘാതം വന്ന് തളർന്ന അജയനെ രണ്ടാഴ്ച മുമ്പാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കാഷ്വാലിറ്റിയിൽ എത്തിച്ചവർ മുങ്ങുകയും ചെയ്തു. സംസാരശേഷി നഷ്ടപെട്ട ഇയാളിൽനിന്നും വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ല. കൈയിൽ നിന്നും കിട്ടിയ നമ്പറിൽ ആശുപത്രി അധികൃതർ ബന്ധപ്പെട്ടെങ്കിലും ബന്ധുക്കൾ പ്രതികരിക്കാൻ തയാറായില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഏറെക്കാലം ഇങ്ങനെ പരിചരിക്കാൻ ആശുപത്രി ജീവനക്കാർക്കും കഴിയില്ലെന്ന് വന്നതോടെയാണ് വാർത്ത നൽകിയത്.
