ജർമൻ പരിശീലകനായി ചുമതലയേറ്റ് യാർഗൻ ക്ലോപ്പ്; 'കുടുംബത്തെ സ്വൈരമായി ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ പണിനിർത്തും'

ബർലിൻ : ജർമ്മനി ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റയുടൻ മാധ്യമങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി യാർഗൻ ക്ലോപ്പ്. തന്റെ കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് മാധ്യമങ്ങൾ കടന്നുകയറിയാൽ തൽക്ഷണം സ്ഥാനം രാജിവെച്ച് പുറത്തുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലിവർപൂളിന്റെ മുൻ മാനേജരായ 59 കാരനായ ക്ലോപ്പ്, നാല് വർഷത്തെ കരാറിലാണ് ജർമ്മൻ ടീമിന്റെ ചുമതലയേറ്റെടുത്തിരിക്കുന്നത്. 2026 ലോകകപ്പിൽ പരാഗ്വെയോടേറ്റ തോൽവിയെത്തുടർന്ന് ജൂലിയൻ നഗൽസ്മാൻ രാജിവെച്ച ഒഴിവിലേക്കാണ് ക്ലോപ്പിന്റെ കടന്നുവരവ്. 2030-ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കരാർ.
ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ക്ലോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്. “നിങ്ങൾ മോശമായി പെരുമാറുകയും എന്റെ കുടുംബത്തെ സ്വൈരമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്തില്ലെങ്കിൽ ഞാൻ ഇവിടെ കാണില്ല, ഞാൻ തിരിഞ്ഞുനടക്കും,” ക്ലോപ്പ് തുറന്നടിച്ചു. “ദേശീയ ടീം പരിശീലകർ മറ്റ് രാജ്യങ്ങളിൽ ഇതിലും മോശമായി പെരുമാറ്റം നേരിടുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് ഈ ജോലി ഒരുപാട് ഇഷ്ടമാണ്, എന്നാൽ ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും കളം വിടാൻ ഞാൻ തയ്യാറാണ്. “തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ നിയോഗമാണിതെന്നും ക്ലോപ്പ് വിശേഷിപ്പിച്ചു. “ദേശീയ ടീമിന് ശേഷം എനിക്ക് മറ്റ് ‘കരിയറുകൾ’ ഒന്നും ബാക്കിയില്ല. എന്റെ ഫുട്ബോൾ കോച്ചിങ് ജീവിതത്തിലെ ഏറ്റവും വലിയ കൊടുമുടിയാണിത്. എന്റെ കൈവശമുള്ളതെല്ലാം ഞാൻ ഇതിനായി നൽകും.”
2024 ൽ നീണ്ട ഒമ്പത് വർഷത്തെ നീണ്ട സേവനത്തിനൊടുവിൽ ലിവർപൂൾ വിട്ട ശേഷം ക്ലോപ്പ് ഏറ്റെടുക്കുന്ന ആദ്യ പരിശീലന ദൗത്യമാണിത്. കോച്ചിംഗിലേക്ക് തിരിച്ചുവരാൻ സമയമായെന്ന് തോന്നിയെന്നും അന്താരാഷ്ട്ര ഫുട്ബോളിൽ തന്റെ ആദ്യ പങ്ക് ഏറ്റെടുക്കാൻ ഇതാണ് കൃത്യമായ സമയമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 24-ന് നെതർലൻഡ്സിനെതിരെയുള്ള നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരമാണ് ജർമ്മൻ പരിശീലകനായുള്ള ക്ലോപ്പിന്റെ ആദ്യ അങ്കം.
