മെസ്സിയെ കേരളത്തിലെത്തിക്കാൻ നടത്തിയ നടപടികളില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനവും: കായികവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുന്നതിനായി നടത്തിയ നടപടികളില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടായതായി കായികവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
സ്പോണ്‍സര്‍ഷിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിന് മുമ്പെ റിപ്പോര്‍ട്ടര്‍ ടിവി എഎഫ്എയുമായി കരാറില്‍ ഏര്‍പ്പെട്ടു. സ്വകാര്യ കമ്പനി നടത്തിയ ഇടപാടുകള്‍ക്ക് പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 166ലെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പോണ്‍സര്‍ഷിപ്പിന് അംഗീകാരം നല്‍കിയതിന് ശേഷം 2024 ഡിസംബറിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
എന്നാല്‍ സ്പോണ്‍സറുടെ ആവശ്യപ്രകാരം ഈ ഉത്തരവ് ഭേദഗതി ചെയ്തുവെന്നും 2025 ജനുവരിയില്‍ പുതിയ ഉത്തരവിറക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എഎഫ്എയുമായുള്ള കരാറിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.
