മെസ്സി സന്ദര്‍ശനം; ഗുരുതര ക്രമക്കേടുകള്‍ നടന്നു; ജിഎസ്ടി തട്ടിപ്പുണ്ടായി; സ്പോണ്‍സറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; വി ഡി സതീശന്

തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തില്‍ കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സ്പോണ്‍സറെ തീരുമാനിച്ചതില്‍ ചട്ടലംഘനമുണ്ടായി. സ്പോണ്സര് പണം സമാഹരിച്ചത് അന്വേഷിക്കും. ജിഎസ്ടി തട്ടിപ്പ് നടന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. സര്‍ക്കാരിന് നഷ്ടമായ തുക ഈടാക്കും. എല്ലാ കാര്യങ്ങളിലും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അതില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. മുന്‍ സര്‍ക്കാരിന് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാര്‍ ഇതിന്റെ ഭാഗമല്ലേ. അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷനുമായി എഗ്രിമെന്റ് വെക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് അനുമതി കൊടുത്തതിന്റെ പ്രൊസീജ്യര്‍ എന്തായിരുന്നു. എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചിരുന്നോ. വിപണി മൂല്യ നിര്‍ണയമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന ഗവണ്മെന്റും ഇതിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്. എന്റെ മുന്നില്‍ ഒരു പരാതി കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഏതോ സ്ഥാപനത്തെ പൂട്ടിക്കാന്‍ ഇറങ്ങി എന്നാണ് പറയുന്നത്. ഞങ്ങള്‍ പരിശോധിക്കുന്നേയുള്ളു. അതിന്മേല് ഒന്നും ചെയ്തിട്ടില്ല – അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. അത് കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് തന്നെ കണ്ടുപിടിച്ച് നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ പിന്നീട് അത് അന്വേഷണം മരവിപ്പിക്കപ്പെട്ടത് പോലുള്ള സ്ഥിതി ഉണ്ടായിട്ടുണ്ട്. അതടക്കം പരിശോധിച്ച് സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. അനാസ്ഥയെ കുറിച്ച് അന്വേഷണം ധനകാര്യ വകുപ്പ് നടത്തും – അദ്ദേഹം പറഞ്ഞു.
