നവീൻ ബാബുവിന്റെ മരണം: സിബിഐക്ക് വിടുന്നതിൽ നിയമതടസ്സങ്ങളുണ്ടെന്ന് ഡി.ജി.പിയും എ.ജിയും; അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് സംസ്ഥാന പൊലീസ് മേധാവിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന് നിയമോപദേശം നൽകിയിരിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ നിയമോപദേശം. സി.ബി.ഐയ്ക്ക് പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ അന്തിമ തീരുമാനം ഇനിയും നീളാനാണ് സാധ്യത. ജൂൺ നാലിനായിരുന്നു നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തിരുന്നത്.
യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപവും മരണവും
സ്ഥലംമാറ്റം ലഭിച്ച് സ്വദേശത്തേക്ക് മടങ്ങാനിരിക്കെ ഒക്ടോബർ 14-ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. യോഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബുവിനെതിരെ പരസ്യമായി അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുകയായിരുന്നു. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾക്ക് പിന്നാലെ, ചടങ്ങിൽ ലഭിച്ച ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. അന്ന് രാത്രി 8.55-നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾ നവീൻ ബാബു ട്രെയിനിൽ ഇല്ലെന്ന വിവരം കണ്ണൂരിൽ അറിയിക്കുകയായിരുന്നു. തുടർന്ന് എ.ഡി.എമ്മിന്റെ ഡ്രൈവർ കണ്ണൂരിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ നിലവിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം അനുസരിച്ച് പി.പി. ദിവ്യ മാത്രമാണ് ഏക പ്രതി.
