2020 മുതൽ ഫണ്ടില്ല, ആറുമാസമായി ശമ്പളമില്ല; കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത്തിന്റെ പ്രവർത്തനം നിലച്ചു

ഇടുക്കി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ ആദ്യ ഗോത്ര ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ പ്രവർത്തനം നിലച്ചു. മുതുവാൻ ആദിവാസി വിഭാഗത്തിനായി രൂപവത്കരിച്ച പഞ്ചായത്താണ് സർക്കാർ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നത്. പഞ്ചായത്തിലെ 14 ജീവനക്കാർക്ക് ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. 14 ജനപ്രതിനിധികളുടെ ഓണറേറിയവും ഇതേ കാലയളവിൽ മുടങ്ങി. ഇതോടെ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും ജനസേവനങ്ങളും വികസന പദ്ധതികളും പ്രതിസന്ധിയിലായി.
സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് പ്രസിഡന്റ് എം. ബിനു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നിരവധി തവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2020 മുതൽ സംസ്ഥാന സർക്കാർ ജനറൽ പർപ്പസ് ഗ്രാന്റ് (ജി.പി.ജി) വെട്ടിക്കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇടമലക്കുടിക്ക് കാര്യമായ തനത് നികുതി വരുമാനമില്ല. ആദിവാസി കുടുംബങ്ങളുടെ വീടുകൾക്ക് കെട്ടിടനികുതി ഇളവുള്ളതിനാൽ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പ്രധാനമായും സർക്കാർ ഗ്രാന്റിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
2020 വരെ ജനറൽ പർപ്പസ് ഗ്രാന്റായി പ്രതിമാസം 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കാൻ ഈ തുക പര്യാപ്തമായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് വെട്ടിക്കുറച്ച വിഹിതം പിന്നീട് പുനഃസ്ഥാപിച്ചില്ലെന്നാണ് അധികൃതരുടെ ആരോപണം.
നിലവിൽ പ്രതിമാസം ഏകദേശം 87,500 രൂപ മാത്രമാണ് ജനറൽ പർപ്പസ് ഗ്രാന്റായി ലഭിക്കുന്നത്. എട്ട് സ്ഥിരം ജീവനക്കാരുടെയും ആറ് താൽക്കാലിക ജീവനക്കാരുടെയും ശമ്പളത്തിനായി മാത്രം പ്രതിമാസം അഞ്ചുലക്ഷത്തോളം രൂപ ആവശ്യമാണ്. 14 ജനപ്രതിനിധികളുടെ ഓണറേറിയത്തിന് 1.29 ലക്ഷം രൂപയും വേണം. ഇതിനു പുറമെ ഓഫിസിന്റെ ദൈനംദിന ചെലവുകൾക്കും യാത്രാസൗകര്യങ്ങൾക്കും മറ്റ് ഭരണപരമായ ആവശ്യങ്ങൾക്കും പണം കണ്ടെത്തണം. എന്നാൽ, ലഭിക്കുന്ന ഗ്രാന്റ് അടിസ്ഥാന ചെലവുകൾക്കുപോലും തികയാത്ത സ്ഥിതിയാണ്.
ഇടുക്കി ജില്ലയിലെ ഉൾവനങ്ങളിൽ സ്ഥിതിചെയ്യുന്ന 26 ആദിവാസി ഊരുകളുടെ ഭരണകേന്ദ്രമാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. 2,236 പേരാണ് പഞ്ചായത്ത് പരിധിയിലുള്ളത്. വനമേഖലയിലെ പരിമിതമായ ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടുന്ന ജനവിഭാഗത്തിന് പഞ്ചായത്ത് സേവനങ്ങൾ ഏറെ പ്രധാനമാണ്.
പഞ്ചായത്ത് ഓഫിസ് അടച്ചതോടെ വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടു. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളുടെ നടത്തിപ്പും സ്തംഭിച്ചിരിക്കുകയാണ്. സർക്കാർ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കും പ്രതിസന്ധി തിരിച്ചടിയായി.
ഇടമലക്കുടിയിലെ പ്രധാന ഓഫിസ് അടച്ചതിനെ തുടർന്ന് ദേവികുളത്ത് താൽക്കാലിക ക്യാമ്പ് ഓഫിസ് വഴിയാണ് പരിമിതമായ പ്രവർത്തനങ്ങൾ നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്ക് ഉൾവനത്തിലെ ഓഫിസിലെത്താനുള്ള യാത്രാച്ചെലവുപോലും കണ്ടെത്താനാവാത്ത സാഹചര്യമാണ്.
ആറുമാസമായി ശമ്പളം മുടങ്ങിയതോടെ ജീവനക്കാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ജീവനക്കാരുടെ ശമ്പളത്തിനു പുറമെ ജനപ്രതിനിധികളുടെ സിറ്റിങ് ഫീസ്, യാത്രാബത്ത തുടങ്ങിയവയും കുടിശ്ശികയായി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സർക്കാറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എം. ബിനു അറിയിച്ചു. ദേവികുളം ആർ.ഡി.ഒ ഓഫിസിനു മുന്നിൽ ജനങ്ങളെ അണിനിരത്തി സമരം നടത്താനാണ് തീരുമാനം.
അതേസമയം, കേരളത്തിലെ ആദ്യ ഗോത്ര ഗ്രാമപഞ്ചായത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നത് അതീവ ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. ആദിവാസി ജനവിഭാഗങ്ങളോടും അധികാര വികേന്ദ്രീകരണ സംവിധാനത്തോടും യു.ഡി.എഫ് സർക്കാർ പുലർത്തുന്ന അവഗണനയുടെ ഉദാഹരണമാണ് ഇടമലക്കുടിയിലെ സാഹചര്യമെന്ന് അദ്ദേഹം ആരോപിച്ചു.
