നെതർലൻഡ്സ് കോച്ചായി മുൻ സ്‌പെയ്ൻ നായകൻ സാവി ഹെർണാണ്ടസ്; 48 വർഷങ്ങൾക്കിപ്പുറം ഓറഞ്ച്പ്പടക്ക് വിദേശ പരിശീലകൻ

ആംസ്റ്റർഡാം: നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി സ്‌പെയ്ൻ മുൻ നായകനും ഇതിഹാസ താരവുമായ സാവി ഹെർണാണ്ടസിനെ നിയമിച്ചു. 1978 ന് ശേഷം നീണ്ട 48 വർഷങ്ങൾക്കിപ്പുറമാണ് നെതർലൻഡ്സ് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ വിദേശത്തുനിന്നുമൊരു കോച്ചെത്തുന്നത്. നാൽപ്പത്തിയാറുകാരനായ സാവിയുമായി 2030-ലെ ലോകകപ്പ് വരെയാണ് കരാറിലേർപ്പെട്ടിരിക്കുന്നത്.

2024 മെയ് മാസത്തിൽ ബാഴ്സലോണ പരിശീലക സ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള സാവിയുടെ പുതിയ ദൗത്യമാണിത്. 2010-ലെ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ തോൽപ്പിച്ച സ്പാനിഷ് ടീമിൽ സാവിയും അംഗമായിരുന്നു. ഡച്ച് ഫുട്ബോളുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടെന്ന് നിയമനത്തിന് ശേഷം സാവി പ്രതികരിച്ചു. യൊഹാൻ ക്രൈഫ്, റിനസ് മിഷേൽസ് എന്നിവരുടെ ശൈലി പിന്തുടരുന്ന ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നുവന്ന താൻ “ഡച്ച് ഫുട്ബോളിന്റെ ഒരു മകനെപ്പോലെയാണ്” എന്ന് അദ്ദേഹം പറഞ്ഞു. ലൂയിസ് വാൻ ഗാൽ, ഫ്രാങ്ക് റൈക്കാർഡ് തുടങ്ങിയ പ്രമുഖ ഡച്ച് പരിശീലകർ തന്റെ കളിശൈലിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനമായി 1977-78 കാലഘട്ടത്തിലാണ് എർൺസ്റ്റ് ഹാപ്പൽ എന്ന വിദേശ പരിശീലകൻ നെതർലൻഡ്സിനെ പരിശീലിപ്പിച്ചിട്ടുള്ളത്. ലോകകപ്പിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായ റോണാൾഡ് കോമാന്റെ പിൻഗാമിയായാണ് സാവി ചുമതലയേൽക്കുന്നത്. ആക്രമണോത്സുകവും പന്ത് കൈവശം വെച്ചുകൊണ്ടുള്ളതുമായ ഡച്ച് ശൈലി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും വിജയത്തോടൊപ്പം ആവേശം നിറഞ്ഞ ഫുട്ബോൾ കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും സാവി വ്യക്തമാക്കി. ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ എലൈറ്റ് ഡയറക്ടറും 2010 ലോകകപ്പ് ഫൈനലിൽ സാവിക്കെതിരെ കളിച്ച താരവുമായ നൈജൽ ഡി ജോങ്ങും സാവിയുടെ നിയമനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.