കാലിടറിയ മുസിയാലക്ക് കാവലായി സൈബാരി; ചർച്ചയായി 34-ാം നമ്പർ ജേഴ്‌സിക്ക് പിന്നിലെ പഴയ സ്നേഹക്കഥ

മ്യൂണിക് : ആർ.ബി ലെയ്പ്സിഗിനെരിരെയുള്ള മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഗോൾ നേടി മിനിറ്റുകൾക്കകം ജമാൽ മുസിയാല മൈതാനത്ത് പെട്ടെന്ന് കാലിടറി വീഴാൻ തുടങ്ങിയപ്പോൾ, മൈതാനത്തുണ്ടായിരുന്നവർ ഒരു നിമിഷം പരിഭ്രാന്തരായി. 30 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിൽ അലിയൻസ് അരീനയിൽ നടന്ന ടെലികോം കപ്പ് മത്സരത്തിനിടെയാണ് മുസിയാലയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാൽ അപായം തിരിച്ചറിഞ്ഞ്, സഹതാരം നിലത്തേക്ക് പതിക്കും മുമ്പേ ഓടിയെത്തി അവനെ ചേർത്തുപിടിച്ചത് മൊറോക്കൻ താരം ഇസ്മായിൽ സൈബാരിയായിരുന്നു.
ആ നിമിഷത്തിന് ഫുട്ബോൾ ലോകത്ത് വേറൊരു അർത്ഥം കൂടിയുണ്ടായിരുന്നു. 2017-ൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് ഗുരുതരമായ മസ്തിഷ്കാഘാതം സംഭവിച്ച തന്റെ പ്രിയ കൂട്ടുകാരൻ അബ്ദൽഹാക്ക് നുരിയോടുള്ള ആദരസൂചകമായാണ് സൈബാരി 34-ാം നമ്പർ ജേഴ്‌സി അണിയുന്നത്. മൈതാനത്ത് മുസിയാലയ്ക്ക് അസ്വസ്ഥത തോന്നി തളർന്നു വീഴാൻ തുടങ്ങുന്നത് കണ്ടപ്പോൾ, ഒരുപക്ഷേ ആ പഴയ കൂട്ടുകാരന്റെ ഓർമ്മയാവാം മറ്റൊന്നും ആലോചിക്കാതെ മുസിയാലയുടെ അടുത്തേക്ക് മിന്നൽവേഗത്തിൽ ഓടിയെത്താൻ സൈബാരിയെ പ്രേരിപ്പിച്ചത്. വീഴ്ചയുടെ ആഘാതം കുറച്ച്, മുസിയാലയെ താങ്ങിനിർത്താൻ ആ നിമിഷത്തിൽ സൈബാരിക്ക് കഴിഞ്ഞു.
കഴിഞ്ഞ വർഷം പി.എസ്.ജിക്കെതിരായ മത്സരത്തിലേറ്റ ഗുരുതരമായ പരിക്കിൽ നിന്ന് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരമാണ് 23-കാരനായ മുസിയാല. അതുകൊണ്ടുതന്നെ അവൻ വീണ ആ നിമിഷം ആരാധകരിൽ വലിയ ആശങ്കയുണ്ടാക്കിയെങ്കിലും, മെഡിക്കൽ സംഘമെത്തി പ്രാഥമിക പരിചരണം നൽകിയതോടെ താരം സുരക്ഷിതനായി നടന്നുതന്നെ കളംവിട്ടു.
മത്സരത്തിൽ ആർ.ബി ലെയ്പ്സിഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബയേൺ കിരീടം ചൂടിയെങ്കിലും, കളിക്കളത്തിലെ സ്കോറിനേക്കാൾ ആരാധകരുടെ മനസ്സിൽ തങ്ങിനിന്നത് സൈബാരിയുടെ ആ കരുതൽ തന്നെയാണ്. ജേഴ്‌സിയിലെ 34-ാം നമ്പറിനേക്കാൾ, ഗ്രൗണ്ടിൽ അവൻ കാണിച്ച സൗഹൃദത്തിന്റെ ആ വലിയ മനസ്സാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിലെ ചർച്ചാവിഷയം.
