ഭാര്യമാർ പരസ്യമായി ഏറ്റുമുട്ടി; തടയാൻ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യൻ ഫുട്ബോൾ കോച്ച് ഹൊസാം ഹസ്സൻ കുഴഞ്ഞുവീണു

കൈറോ: ഈജിപ്ഷ്യൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ ഹൊസാം ഹസ്സന്‍റെ സ്വകാര്യ ജീവിതത്തിൽ നാടകീയ സംഭവങ്ങൾ. ഈജിപ്തിലെ നോർത്ത് കോസ്റ്റിലുള്ള ‘മറീന അൽ അലാമൈൻ’ ആഡംബര ഹോട്ടലിലെ കഫേയിൽ വെച്ച് ഹൊസാമിന്റെ രണ്ട് ഭാര്യമാർ തമ്മിൽ തർക്കിക്കുകയും പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തു. തർക്കം തടയാൻ ശ്രമിക്കുന്നതിനിടെ കടുത്ത മാനസിക സമ്മർദ്ദം കാരണം ഹൊസാം ഹസ്സൻ കുഴഞ്ഞുവീണെന്നും, തൊട്ടുപിന്നാലെ അദ്ദേഹം ആദ്യഭാര്യയെ വിവാഹമോചനം ചെയ്തു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹൊസാമിന്റെ ദീർഘകാലത്തെ ഭാര്യയായ ഹുവൈദ അൽ-ഗർബാവിയും രണ്ടാമത്തെ ഭാര്യയായ ദീന മുസ്തഫയും തമ്മിൽ അവധിക്കാല ആഘോഷത്തിനിടെ കഫേയിൽ വെച്ചുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീണ്ടത്. ഹോട്ടലിലുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളുടെ മുന്നിൽ വെച്ച് നടന്ന സംഭവത്തിൽ ഇരുവർക്കും നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. ബന്ധുക്കളും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും തർക്കം രൂക്ഷമായതിനെ തുടർന്ന് അവസാനം പോലീസിന് ഇടപെടേണ്ടി വന്നു.

ഇരുവർക്കുമിടയിൽ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കവേയാണ് കടുത്ത മാനസിക സമ്മർദ്ദം കാരണം ഹൊസാം ഹസ്സൻ അവിടെ കുഴഞ്ഞുവീണത്. ഈ സംഭവങ്ങൾക്ക് പിന്നാലെ കൈറോയിലെ രജിസ്ട്രാർ ഓഫീസിലെത്തി ഹൊസാം തൻറെ ആദ്യഭാര്യ ഹുവൈദയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഹൊസാം ഹസ്സൻ കുഴഞ്ഞുവീണു എന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഈ റിപ്പോർട്ടുകൾ തള്ളി. അതോടൊപ്പം തൻറെ കക്ഷിയായ ദീനയ്ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് അവരുടെ അഭിഭാഷകൻ ആരോപിച്ചെങ്കിലും ഹുവൈദയുടെ കുടുംബം വിഷയത്തിൽ മൗനം പാലിക്കുകയാണ്. അടുത്തിടെ സമാപിച്ച 2026 ഫിഫ ലോകകപ്പിൽ ഈജിപ്തിനെ റൗണ്ട് ഓഫ് 16 വരെ എത്തിക്കുകയും, ടീമുമായി 2030 വരെ കരാർ നീട്ടുകയും ചെയ്ത ഹൊസാം ഹസ്സൻറെ ഈ വ്യക്തിഗത വിവാദം കളിക്കളത്തിന് പുറത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.