അർജുനത്തിളക്കത്തിൽ മലയാളികളായ അജ്മലും ട്രീസയും

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡിന്റെ തിളക്കത്തിൽ മലയാളികളായ അത്ലറ്റ് മുഹമ്മദ് അജ്മലും ബാഡ്മിന്റൺ താരം ട്രീസ ജോളിയും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഇരുവരുമടക്കം 17 കായികതാരങ്ങളെയാണ് 2025ലെ അർജുന പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് ഇത്തവണ ആരെയും തെരഞ്ഞെടുത്തില്ല. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം മൂന്നുപേർക്കാണ് ലഭിച്ചത്.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ 2023 ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 4×400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. മിക്സഡ് റിലേയിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. ട്രീസ ജോളി 2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയിട്ടുണ്ട്. വനിത ഡബ്ൾസിൽ വെങ്കലവും മിക്സഡ് ടീം ഇനത്തിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. കണ്ണൂർ സ്വദേശിയാണ്. ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖ്, ബാഡ്മിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ് തുടങ്ങിയവരും അര്‍ജുന പുരസ്കാരത്തിന് അർഹരായി. മുൻ ഫുട്ബാൾ താരം ഐ. അരുമൈനായകം അർജുന ലൈഫ് ടൈം പുരസ്കാരത്തിനും അർഹനായി.
അത്ലറ്റിക് കോച്ച് പർവീർ സിങ്, ബോക്സിങ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിങ് കോച്ച് നോഹ നന്ദ കുമാർ ചവാൻ എന്നിവർക്കാണ് മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം. സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്സിങ് കോച്ച് ധര്‍മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന് വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്കാരം ലഭിക്കും.
