റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചോ? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

ഇസ്താംബുൾ : ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസ താരമായിരുന്ന റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാകുന്നത്. 53-കാരനായ കാർലോസ് നാല് ആഴ്ചകൾക്ക് മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ചെന്നാണ് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഈ പ്രചരണങ്ങൾക്ക് പിന്നിലെ സത്യമെന്താണെന്ന് നോക്കാം.

തുർക്കിഷ് പത്രമായ ‘ഹാബർലർ’ ഉൾപ്പെടെയുള്ള മുൻനിര മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾക്ക് പിന്നാലെ, തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി എം.പിയായ അലി ഷാഹിന്റെ സോഷ്യൽ മീഡിയ കുറിപ്പോടെയാണ് വാർത്ത കൂടുതൽ പ്രചരിച്ചത്.സാവോ പോളോയിലെ ഇസ്‌ലാമിക് ചാരിറ്റബിൾ യൂത്ത് ലീഗ് ആസ്ഥാനം സന്ദർശിച്ച അലി ഷാഹിൻ, ലോകത്തിലെ സ്വാധീനമുള്ള 500 മുസ്‌ലിം വ്യക്തികളിൽ ഒരാളായ ശൈഖ് ജിഹാദ് ഹമാദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് റോബർട്ടോ കാർലോസ് ഇസ്‌ലാം സ്വീകരിച്ച വിവരം ശൈഖ് ജിഹാദ് തന്നോട് വെളിപ്പെടുത്തിയതെന്ന് അലി ഷാഹിൻ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മുൻപ് തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള കാർലോസിന് പുതിയ ജീവിതത്തിന് ആശംസകളും എം.പി നേരുകയുണ്ടായി.

ഫിഫ അംഗീകൃത പ്ലെയർ ഏജന്റും മൊറോക്കൻ വംശജയുമായ സുഹൈല എൽ താഹിരിയുമായി റോബർട്ടോ കാർലോസ് വിവാഹിതനായതിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചിരുന്നു. പ്രൊഫഷണൽ ബന്ധത്തിൽ തുടങ്ങി പിന്നീട് വിവാഹത്തിലെത്തിയ ഇവരുടെ ചടങ്ങ് ജൂലൈ 25-നാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നത്. ഈ വിവാഹത്തിന് പിന്നാലെയാണ് മതംമാറ്റ വാർത്തകളും സജീവമായത്. റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചെന്ന വാർത്ത നിലവിൽ തുർക്കിഷ് എം.പിയുടെ കുറിപ്പിനെയും ശൈഖ് ജിഹാദ് ഹമാദയുടെ പ്രസ്താവനകളെയും ആസ്പദമാക്കിയുള്ള റിപ്പോർട്ടുകൾ മാത്രമാണ്. ഇതുവരെ വാർത്തകളോട് റോബർട്ടോ കാർലോസോ അദ്ദേഹത്തിന്റെ വക്താക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരം നേരിട്ട് സ്ഥിരീകരണം നടത്തുന്നതുവരെ ഈ വാർത്ത മാധ്യമ റിപ്പോർട്ടുകളുടെയും അവകാശവാദങ്ങളുടെയും പരിധിയിൽ തന്നെ നിലനിൽക്കും.