ഗതാഗതക്കുരുക്കിൽ വലഞ്ഞ് വളാഞ്ചേരി പട്ടണം

വളാഞ്ചേരി: ദേശീയപാത 66 ആറുവരിയായി വികസിച്ചിട്ടും വട്ടപ്പാറ വയഡക്ട് വന്നിട്ടും വളാഞ്ചേരി ടൗണിലെ ദുരിതത്തിന് അറുതിയില്ല. ദേശീയപാത 66ൽ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമായിരുന്നു വളാഞ്ചേരി. ദേശീയപാത ആറുവരിപ്പാതയായി വികസിക്കുകയും വട്ടപ്പാറയിൽ നിന്നും വയഡക്ട് നിർമിച്ച് തൃശൂർ, ഗുരുവായൂർ ഭാഗത്തേക്കുള്ള ദീർഘദൂര വാഹനങ്ങൾ വളാഞ്ചേരി ടൗണിൽ വരാതെ പോകാനാരംഭിച്ചതോടെ ഗതാഗതക്കുരുക്കിന് ശമനമുണ്ടായിരുന്നു. ദേശീയപാത വഴി വളരെ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് വളാഞ്ചേരിയിലൂടെ പാലക്കാട്, പട്ടാമ്പി ഭാഗങ്ങളിലേക്ക് പോകാൻ സാധിക്കുന്നതിനാൽ വളാഞ്ചേരിയിലെ റോഡുകളിൽ തിരക്ക് വർധിക്കുകയും ചെയ്തു.

ആറുവരിപ്പാതയിൽനിന്നും വളാഞ്ചേരി ടൗണിലേക്ക് തിരിയുന്ന ഓണിയിൽപ്പാലം, പട്ടാമ്പി റോഡിലേക്ക് തിരിയുന്ന മൂച്ചിക്കൽ ബൈപാസ് ജങ്ഷൻ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കോഴിക്കോട് റോഡിൽ ഗതാഗതക്കുരുക്ക് അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും കുറ്റിപ്പുറം, പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെടാറ്. രോഗികളുമായി ആശുപത്രികളിലേക്ക് കുതിക്കുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെടാറുണ്ട്. ഗതാഗതക്കുരുക്ക് കാരണം ബസുകൾ കോഴിക്കോട് റോഡിൽനിന്നും നേരിട്ട് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും പതിവാണ്. രാവിലെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽപെട്ട് വിദ്യാർഥികൾക്കും ജീവനക്കാർക്കും സമയത്തിന് സ്ഥാപനങ്ങളിൽ എത്തിച്ചേരാനും സാധിക്കാറില്ല.

ഓണത്തിരക്ക് വർധിച്ചതോടെ ടൗണിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ഗതാഗതക്കുരുക്കിനെ തുടർന്ന് ദീർഘദൂര ബസുകൾ ടൗണിൽ വരാതെ വയഡക്ട് ദേശീയപാത വഴി പോവുന്നത് വളാഞ്ചേരിയിൽനിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ടൗണിൽകൂടി സർവിസ് നടത്താത്ത ബസുകൾക്കെതിരെ നടപടിയെടുക്കണമെന്നും യാത്രക്കാർ പറയുന്നു. ഓണം കഴിയുന്നതുവരെ കൂടുതൽ പൊലീസുകാരെ ടൗണിൽ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.