സൗഹൃദ സംവാദം പോലും വർഗീയമാക്കുന്നു; ജാഗ്രത വേണമെന്ന് വിസ്‌ഡം യൂത്ത് സംവാദം

കോഴിക്കോട്: പൊതു ഇടങ്ങളിലെ സൗഹൃദ സംവാദങ്ങളെ വർഗീയവത്കരിക്കുന്ന നിക്ഷിപ്ത താൽപര്യക്കാരെ കരുതിയിരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു.

മനസ്സിന്റെ സ്വസ്ഥതയും സ്വകാര്യതയും തകർത്തെറിയുന്ന അശ്ലീല പ്രചാരണങ്ങൾക്ക് പൊതു ഇടങ്ങളെ വേദിയാക്കുന്നവർക്ക് പിന്തുണ നൽകുകയും ധാർമിക സദാചാര ബോധനങ്ങൾക്ക് ഇതേ ഇടങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നതിലെ കപടനാട്യം സമൂഹം തിരിച്ചറിയണം.

ആശയ പ്രചാരണത്തെ ഭയപ്പെടുത്തുന്ന ആഖ്യാനം നൽകാൻ ശ്രമിക്കുന്നവർ ആദർശ ഭീരുക്കളാണ്. മലയാളി പ്രബുദ്ധതയെ പരിഹസിക്കുന്ന സമീപനത്തിൽ നിന്ന് ഇവർ പിന്മാറണം. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള സംഘപരിവാർ അജണ്ടകൾ ഏറ്റെടുത്ത് വെറുപ്പ് വിതക്കാനുള്ള ശ്രമങ്ങളിൽ മതനിരപേക്ഷ ചേരി അകപ്പെടുന്നതിരിക്കാൻ ജാഗ്രത വേണം.

ഇഷ്ടമുള്ള ആശയങ്ങൾ സ്വീകരിക്കാനും പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള മൗലികാവകാശത്തെ സംരക്ഷിക്കാനും അതിനായി അവസരമൊരുക്കാനും അധികാരികൾ തയാറാകണമെന്നും ധൈഷണിക സംവാദം ആവശ്യപ്പെട്ടു.

‘പൊതു ഇടങ്ങളിലെ മതം, സെലക്ടീവ് അസഹിഷ്ണുത’ എന്ന വിഷയത്തിൽ സംഘടപ്പിച്ച സംവാദം വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. വി.പി. ബഷീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, സിറാജുൽ ഇസ്‍ലാം ബാലുശ്ശേരി, ആക്ടിവിസ്റ്റ് ബി. പ്രതീഷ്, കെ. താജുദ്ദീൻ സ്വലാഹി, ഡോ. അബ്ദുല്ല ബാസിൽ, സി.പി. ഹിലാൽ സലിം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.