ഓണാഘോഷം മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നു; പരാതിയുമായി 12 കോളജുകളിലെ വിദ്യാർഥിനികൾ, സൈബർ പൊലീസ് കേസെടുത്തു

മലപ്പുറം: കോളജ് വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഓണാഘോഷ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ 12ഓളം കോളജുകളിലെ കുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

ഓണാഘോഷങ്ങളുടേത് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്ത ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നുവെന്നാണു പരാതി. കോളജ് വാട്സാപ്പ് ഗ്രൂപ്പുകളിൽ അടക്കം പങ്കുവെച്ച ഫോട്ടോകളും ഇത്തരത്തിൽ പുറത്തുപോകുന്നതായി സംശയം നിലനിൽക്കുന്നുണ്ട്. മറ്റു ചിലയിടങ്ങളിലും സമാന പരാതികൾ ഉയർന്നെങ്കിലും രേഖാമൂലം നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സംഭവത്തിൽ വിദ്യാർഥിനികൾക്ക് നിയമസഹായവുമായി എം.എസ്.എഫ് വിദ്യാർഥിനി വിഭാഗമായ ഹരിത രംഗത്തെത്തി. ഹരിത ഭാരവാഹികൾ മലപ്പുറം എസ്പിക്ക് പരാതി നൽകി. ആഭ്യന്തര മന്ത്രിക്കും പരാതി കൈമാറും.

മോർഫിങ്ങിനിരയായ വിദ്യാർത്ഥിനികൾ അതത് പൊലീസ് സ്റ്റേഷനുകളിൽ പരാതി കൊടുക്കുമെന്ന് ഹരിത ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകൾ മോർഫ് ചെയ്തും അല്ലാതെയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതായി ഇവർ പറഞ്ഞു. മലപ്പുറത്ത് മാത്രം 12ഓളം കോളജുകളിലെ വിദ്യാർഥിനികൾ പരാതിയുമായി രംഗത്ത് വന്നതോടെയാണ് ഹരിത ഈ വിഷയത്തിൽ ഇടപെട്ടത്.

പൊലീസ് ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി. സംഘടിതമായി അസൂത്രിതമായാണ് മോർഫിങ് ഉൾപ്പെടെ ചെയ്യുന്നത് എന്നാണ് പൊലീസിന്റെ സംശയം. ആ നിലയ്ക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.