‘ഉമ്മയുടെ കണ്ണകലത്ത് നിന്ന് 19കാരനെ കള്ളക്കേസിൽ തട്ടിക്കൊണ്ടുപോയിട്ട് 17 വർഷം പിന്നിട്ടു’; സകരിയ്യക്ക് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സോളിഡാരിറ്റിയുടെ തുറന്ന കത്ത്

കോഴിക്കോട്: ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റിലായി 17 വർഷമായി കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യക്ക് നീതി ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊളിറ്റിക്കൽ പ്രിസണേഴ്സ് ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് സോളിഡാരിറ്റിയുടെ തുറന്ന കത്ത്. കേസ് നാലുമാസത്തിനകം തീർപ്പാക്കണമെന്ന സുപ്രീം കോടതി നിർദേശം മറികടക്കാൻ പുതിയ കോടതിയിലേക്ക് കേസ് മാറ്റിയത് വീണ്ടും അനാവശ്യമായി വിചാരണ നീണ്ടുപോകാൻ ഇടയാക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
രോഗബാധിതയായ മാതാവിനെ പരിചരിക്കാൻ ജാമ്യം തേടിയപ്പോൾ, സകരിയ്യക്ക് ജാമ്യം നൽകിയാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന അവകാശവാദമുന്നയിച്ച് കർണാടകയിലെ കോൺഗ്രസ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതാണ് ജാമ്യം നിഷേധിക്കപ്പെടാൻ കാരണമായത്. 2009 ഫെബ്രുവരി 5ന് 19-ാം വയസ്സിലാണ് ചോദ്യം ചെയ്യാനെന്ന പേരിൽ തിരൂരിലെ ജോലിസ്ഥലത്തുനിന്ന് സകരിയ്യയെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ സ്ഫോടനക്കേസിൽ എട്ടാം പ്രതിയാക്കി യുഎപിഎ ചുമത്തി. കഴിഞ്ഞ 17 വർഷത്തിനിടെ കേവലം 3 തവണ മാത്രമാണ് സകരിയ്യക്ക് പരോൾ അനുവദിച്ചത്.
സകരിയ്യക്ക് ജാമ്യം ലഭിക്കാനും രോഗബാധിതയായ മാതാവിനെ ശുശ്രൂഷിക്കാൻ നാട്ടിലെത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് അടിയന്തരമായി കത്തയക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണം. മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യവും പാർട്ടി ഭരണ സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ നടത്താൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഇന്ന് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് ഡേ.
ഇന്നേ ദിവസം മനസ്സിൽ വരുന്ന പേരുകളിൽ ആദ്യത്തേത് പരപ്പനങ്ങാടി സകരിയ്യയുടെതാണ്. ആ പേര് പരിചിതമല്ലാതിരിക്കാൻ വഴിയില്ലല്ലോ. ഞങ്ങൾ തന്നെ താങ്കളുടെ അടുത്ത് വന്ന് അതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പങ്ക് വെച്ചതാണ്.
ഉമ്മയുടെ കണ്ണകലത്ത് നിന്ന് പത്തൊമ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു കുട്ടിയെ, ഒരു രാത്രിയിൽ കർണാടക പോലീസ് കള്ളക്കേസിൽ കുടുക്കി തട്ടിക്കൊണ്ട് പോയിട്ട് പതിനേഴ് വർഷം പിന്നിട്ടിരിക്കുന്നു.
സുദീർഘമായ ഒരു കാലഘട്ടം.
ആ കാലഘട്ടത്തിന്റെ ദൈർഘ്യമളക്കാൻ, കേരളീയ ജനതയുടെ പരിപൂർണ ആശിർ വാദത്തോട് കൂടി മുഖ്യമന്ത്രി കസേരയിലേക്ക് നടന്നുകയറിയ താങ്കളുടെ തന്നെ രാഷ്ട്രീയ ജീവിതം ഒരു അളവ് കോലാണല്ലോ.
പരപ്പന അഗ്രഹാരയുടെ ഇരുണ്ട മുറികളിൽ സകരിയ്യയുടെ കൗമാരവും യുവത്വവും കടന്ന് പോവുകയാണ്. പരപ്പനങ്ങാടി വീടിന്റ മുറിയിൽ, തന്റെ മകന്റെ വരവും കാത്ത്, അവന്റെ കൂടെയുള്ള ദിവസങ്ങൾ കിനാവും കണ്ട് ആ ഉമ്മയും കാത്തിരിക്കുന്നു.
ബാംഗ്ലൂർ സ്ഫോടനക്കേസിൽ എട്ടാം പ്രതിയാക്കിക്കൊണ്ട് 2009, ഫെബ്രുവരി അഞ്ചിനാണ് തിരൂരിലെ തന്റെ ജോലിസ്ഥാപനത്തിൽനിന്ന് ചോദ്യം ചെയ്യാനെന്ന പേരിൽ സകരിയ അറസ്റ് ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന് മേൽ യു എ പി എ ചാർത്തുകയും, കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് പലരുടേതുമെന്ന പോലെ, അദ്ദേഹത്തിനും നിരന്തരമായി ജാമ്യം നിഷേധിക്കപ്പെടുകയാണ്.
ഈ പതിനേഴ് വർഷത്തിനിടെ കേവലം മൂന്ന് തവണയാണ് അദ്ദേഹത്തിന് പരോൾ അനുവദിച്ചത്.
അനുവദിക്കപ്പെട്ട ജാമ്യത്തേക്കാൾ എത്രയോ മടങ്ങാണ് സകരിയ്യക്ക് നിഷേധിക്കപ്പെട്ടത്. തന്റെ സഹോദരന്റെ ജീവൻ മുതൽ, മാതാവിനെ ശുശ്രൂഷിക്കാനുള്ള ആഗ്രഹമടക്കം, ഇവിടെയുള്ള നീതിപീഠം സകരിയ്യയിൽ നിന്ന് ഓരോ തവണയും തട്ടിമാറ്റുകയായിരുന്നു.
മനുഷ്യജീവിതത്തെ ജയിലറകൾക്കുള്ളിൽ തളച്ചിട്ട്, നീതിയെ എന്നെന്നേക്കുമായി അവരിൽ നിന്നുമകറ്റുന്ന പ്രവണത ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സ്ഥായിഭാവമായി മാറുന്നത്, ഒരു അഭിഭാഷകൻ കൂടിയായ താങ്കൾക്ക് അറിയാതിരിക്കില്ലല്ലോ.
രാഷ്ട്രീയ തടവുകാരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ എന്നും നമുക്കെല്ലാവർക്കും അറിയാം.
കേരളം സന്ദർശിക്കാൻ അനുമതി നൽകിയാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി ബന്ധം സ്ഥാപിക്കാനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന അങ്ങേയറ്റം ബാലിശമായ അവകാശവാദങ്ങൾ ഉന്നയിച്ചാണ് കോടതി കഴിഞ്ഞ തവണ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ഇതിനെ പിന്തുണച്ചുകൊണ്ടുള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത് കർണാടകയിലെ കോൺഗ്രസ് സർക്കാരാണ്.
ഇതിനിടെ, ഇത്രയും നാൾ കേസ് വാദിച്ചു കൊണ്ടിരുന്ന നിലവിലെ വിചാരണ കോടതിയിൽ നിന്ന്, പുതുതായി രൂപീകരിച്ച മറ്റൊരു കോടതിയിലേക്ക് കേസിന്റെ വാദം കേൾക്കൽ മാറ്റാൻ കൂടി കർണാടക ഹൈക്കോടതി ഉത്തരവുണ്ടായി. സുപ്രീം കോടതി വിധിയനുസരിച്ച് നാലുമാസത്തിനകം കേസ് തീർപ്പാക്കാനുള്ള അവസാന തീയതി ജൂലൈ 14 ആയിരിക്കെ, പതിനേഴ് വർഷത്തിനിപ്പുറവും കേസ് അനന്തമായി നീളാനുള്ള വഴി തുറക്കുകയാണ് ഈ കോടതി മാറ്റം ചെയ്ത് കൊണ്ടിരിക്കുന്നത്.
സകരിയ്യ പൂർണമായും നിരപരാധിയാണ്. അത് തെളിയിക്കാൻ ഇനിയൊരു കോടതി വിധിവരെ കാത്തിരിക്കരുത്. ഓരോ കാത്തിരിപ്പും, സക്കരിയയുടെ സ്വാഭാവിക ജീവിതത്തിനുള്ള അടിസ്ഥാനവാകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇനിയും അത് കണ്ട് നിൽക്കരുത്. നീതിക്ക് വേണ്ടി നിലപാടെടുക്കാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങണം.
സകരിയ്യക്ക് ഉടൻ ജാമ്യം ലഭ്യമാക്കാനും, തുടർന്ന് നീതി ഉറപ്പ് വരുത്താനും താങ്കൾ മുൻകൈയെടുക്കണം എന്ന് അപേക്ഷിക്കുന്നു.
കേരളം മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിക്ക് ഉടൻ കത്തയക്കണം.
തന്റെ മാതാവിന്റെ ആരോഗ്യ പ്രശ്നങ്ങളും പരിചരണവും മുന്നിൽ വെച്ച് കൊണ്ട്, സകരിയ്യക്ക് ജാമ്യം ലഭിക്കാനും നാട്ടിലെത്താനും ആവശ്യമായ നടപടിക്രമങ്ങളും സഹകരണങ്ങളും ഉറപ്പ് വരുത്താൻ കർണാടക സർക്കാരിനോട് കേരളം സർക്കാർ ആവശ്യപ്പെടണം.
വിചാരണ വേഗം പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനുള്ള സുപ്രീം കോടതി നിർദേശം നടപ്പിൽ വരുത്താൻ ആവശ്യമായ നടാപടിക്രമങ്ങൾ സ്വീകരിക്കാൻ കർണാടകയോട് ആവശ്യപ്പെടണം.
കർണാടകയിലും കേരളത്തിലും ഒരേ സമയം കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുന്ന, കർണാടകക്കാരനായ മല്ലികാർജുൻ ഖാർഗെ ദേശീയാധ്യക്ഷ പദവിയിലിരിക്കുന്ന, കേരളീയനായ കെ സി വേണുഗോപാൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ, പ്രിയങ്ക ഗാന്ധി കേരളത്തിൽ നിന്നുള്ള എം പിയായ, ഈ അവസരത്തിൽ കൃത്യമായ ഒരു ഇടപെടൽ നടത്താൻ കേരളം മുഖ്യമന്ത്രിക്ക് സാധിക്കേണ്ടതുണ്ട് എന്ന് സോളിഡാരിറ്റി വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.
ഈ ഒരു ഉത്തരവാദിത്വം അങ്ങ് നിർവഹിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സകരിയ്യക്ക് നീതി ഉറപ്പ് വരുത്താൻ രാഷ്ട്രീയ കേരളം ചാർത്തിയ ഒരു ലക്ഷം ഒപ്പുകൾ കൂടി ഇതിനോടൊപ്പം ചേർക്കുന്നു.
എന്ന് ,
തൗഫീഖ് മമ്പാട്.
(പ്രസിഡന്റ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള)
