പരിസ്ഥിതിലോല മേഖല: ആശങ്കയൊഴിയുന്നില്ല

കൽപറ്റ: വയനാട്ടിലടക്കമുള്ള പരിസ്ഥിതിലോല മേഖലകൾ (ഇ.എസ്.എ) നിശ്ചയിച്ച കേന്ദ്രസർക്കാറിന്റെ കരടുവിജ്‌ഞാപനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഇനി 12 ദിവസങ്ങൾകൂടി. വയനാട്ടിലെ 13 വില്ലേജുകളാണ് വിജ്‌ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ജനവാസമേഖലകളടക്കമുള്ളവയാണ് ഇവ. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിന് വെബ്സൈറ്റ് വഴി പരാതിനൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 24 ആണ്.
പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ചതിനെതിരെ വനം-പരിസ്‌ഥിതി മന്ത്രാലയത്തിന് തപാലിലോ ഇ മെയിലിലോ പരാതി അയക്കാം. esz-mef@nic.in എന്ന ഇമെയിൽ വിലാസത്തിലും പരാതികളും ആശങ്കകളും അറിയിക്കാം. പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളെയാണ് വയനാട്ടിൽ പരിസ്ഥിതി ലോലമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനന്തവാടി താലൂക്കിൽ ഏഴും വൈത്തിരി താലൂക്കിൽ നാലും ബത്തേരി താലൂക്കിൽ രണ്ടും വില്ലേജുകളാണ് ഇവ.
വയനാട്ടിലെ 665 ചതുരശ്രകി.മീറ്റർ ഭൂമിയാണ് ഇ.എസ്.എ പരിധിയിൽ വരുന്നത്. ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിനു പകരം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ പല ഭൂപടങ്ങളാണ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവക്ക് സമ്പൂര്‍ണ നിരോധനമുണ്ടാകും. ഒരുപ്രദേശം പരിസ്ഥിതി ലോല മേഖലയായൽ ജനജീവിതത്തെയടക്കം ബാധിക്കുന്ന പല നിയന്ത്രണങ്ങൾ വരുമെന്നും കർഷകരടക്കം ആരോപിക്കുന്നു. അതേസമയം ഇത് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കാടുകൈയ്യേറുന്ന വൻകിടക്കാർക്കും ക്വാറി മാഫിയകൾക്കും മാത്രമേ പ്രതിസന്ധിയുണ്ടാകൂവെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണസമിതി അടക്കമുള്ള സംഘടനകളുടെ വാദം.
ജനവാസമേഖലയും കൃഷിഭൂമിയും ഒഴിവാക്കണം -എൻ.ഡി. അപ്പച്ചൻ
കൽപറ്റ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനവാസമേഖലയും കൃഷിഭൂമിയും തോട്ടംഭൂമിയും ഒഴിവാക്കണമെന്ന് എ.ഐ.സി.സി അംഗം എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനം വയനാടിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. ജില്ലയിലെ 13 വില്ലേജുകളാണ് ഒടുവിൽ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കസ്‌തൂരിരംഗൻ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ തന്നെയാണ് പുതിയ കേന്ദ്രവിജ്ഞാപനവും വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് കർഷകരുടെ ആശങ്കൾ പരിഹരിക്കാൻ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ ശിപാർശകളും നിർദേശങ്ങളും പരിഗണിച്ചുകൊണ്ട് ജനവാസമേഖലയും കൃഷിഭൂമിയും തോട്ടം ഭൂമികളും പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കിയുള്ള നടപടികളാണ് വേണ്ടത്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാടിനെ സംബന്ധിച്ച് കാർഷികമേഖലയിൽ ഉൾപ്പെടെ നിരവധി പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ഇതിനിടയിൽ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം കൂടി വന്നാൽ അത് കാർഷികമേഖലയെ മാത്രമല്ല, സർവമേഖലക്കും പ്രതിസന്ധിയാകും. ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചു സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിൽ ശക്തമായ സമ്മർദ്ദം ചെലുത്തി ജനവാസമേഖലയെയും കൃഷിഭൂമിയെയും തോട്ടം ഭൂമിയെയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വതന്ത്ര കർഷക സംഘം 500 ഇ-മെയിലുകൾ അയച്ചു
സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും നിർമിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വനം പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ജില്ലയിൽ നിന്ന് 500 ഇ-മെയിൽ അയക്കുന്നതിന്റെ ജില്ലതല ഉദ്ഘാടനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിർവഹിച്ചു.
വനാതിർത്തിയിൽ മാത്രം ഇ.എസ്.എ പരിധി നിശ്ചയിക്കുക, ഇ.എസ്.എ പരിധിയിൽ കുറഞ്ഞ ഭാഗങ്ങൾ മാത്രം വരുന്ന വില്ലേജുകളെ അടിസ്ഥാന യൂനിറ്റുകളാക്കാതിരിക്കുക, സർവേ നമ്പറുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായ ഇ.എസ്എ ഭൂപടം പ്രസിദ്ധീകരിക്കുക, കരട് വിജ്ഞാപനത്തിന് പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാനുള്ള സമയം നീട്ടുക തുടങ്ങിയ അനേകം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇ-മെയിൽ അയച്ചത്. തുടർ സമരങ്ങൾ അടുത്താഴ്ച മുതൽ തുടരും.
യോഗത്തിൽ വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. മുതിര മായൻ ഹാജി, കല്ലിടുമ്പൻ ഹംസ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, ഷംസുദ്ദീൻ ബിദർക്കാട്, ഇബ്രാഹിം തൈ തൊടി, ഉസ്മാൻ പള്ളിയാൽ, ബാവക്ക ചീരാൽ, പി.കെ. മൊയ്തീൻ കുട്ടി, അസൈനാർ കല്ലിടുമ്പൻ, പി.കെ. കാസിം, ജമീല കുടുക്കി, സൈനബ സെയ്തലവി, നിസാം കല്ലൂർ, പി.വി. ഹൈദർ, പി. അബ്ദുറഹിമാൻ, സൈനബ ഉസ്മാൻ എന്നിവർ സംസാരിച്ചു. ബഷീർ നായ്ക്കട്ടി സ്വാഗതവും അലവി വടക്കേതിൽ നന്ദിയും പറഞ്ഞു.
