രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല, മെസ്സി വിവാദത്തിൽ അന്വേഷണവുമായി സഹകരിക്കും -ആന്റോ അഗസ്റ്റിൻ

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ താൻ തയാറാണെന്ന് റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ. മാധ്യമ പ്രവർത്തനവും വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഒരു മറുപടിയും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് അന്വേഷിക്കാൻ റിപ്പോർട്ടർ ചാനലിലും അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടിലും പൊലീസ് നടത്തിയ പരിശോധനയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ കസ്റ്റഡിയിൽ ഒന്നുമല്ല. അന്വേഷണ ഉദ്യോഗസ്ഥർ എന്റെ ഫ്ലാറ്റിൽ സെർച്ച് നടത്തിയിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. സഹോദരന്റെ വീട്ടിലും സെർച്ച് നടത്തി. നമ്മൾ പൂർണമായി സഹകരിച്ചിട്ടുണ്ട്. ജേർണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട സാധനങ്ങൾ കിട്ടുകയാണ് അവരുടെ ലക്ഷ്യമെങ്കിൽ അത് കിട്ടില്ല. വിഡി സതീശിന്റെ രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ മറുപടിയില്ല. വാർത്തയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും എൻറെ കയ്യിൽ മറുപടിയില്ല.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അതുമായി പൂർണമായി സഹകരിക്കും. അവർക്ക് എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. അല്ലാതെ നിങ്ങൾക്ക് ആരാണ് വാർത്ത ചോർത്തി തരുന്നത്, ആരിൽ നിന്നാണ് നിങ്ങൾക്ക് വാർത്ത കിട്ടുന്നത്, നിങ്ങൾ ഏത് രീതിയിലൊക്കെയാണ് വാർത്ത കൈകാര്യം ചെയ്യുന്നത്, ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ജേർണലിസ്റ്റ് ആരാണ്, നിങ്ങൾ കോൺഗ്രസിൽ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ആരാണ്, നിങ്ങളുടെ കൂടെ കോൺഗ്രസിന്റെ ആരൊക്കെ ഉണ്ട്, സിപിഎമമിന്റെ ആരൊക്കെയുണ്ട്, ബിജെപിക്കാരിൽ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നതാരാണ്, കേന്ദ്രത്തിൽ നിങ്ങൾക്ക് പിടിപാടാണല്ലോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും നമ്മുടെ കയ്യിൽ മറുപടിയില്ല.
സത്യസന്ധമായ അന്വേഷണമാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ നാടകത്തിന്റെ ഒന്നും ആവശ്യമില്ല. ജേണലിസ്റ്റിക് ഓഫിസിലേക്ക് തള്ളി കയറിയിട്ട് മറുപടി പറയാൻ പറഞ്ഞാൽ പറ്റില്ല. ജേർണലിസ്റ്റുകളുടെ ഫോൺ പിടിച്ചു വാങ്ങിയാൽ നമുക്ക് മറുപടി പറയാൻ കഴിയുമോ’ -ആന്റോ അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നും റിപ്പോർട്ടർ ചാനലിനെ രണ്ടും പ്രതിയാക്കിയതായി എഡിജിപി പി. വിജയൻ പറഞ്ഞു. മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മിനിറ്റ് പോലും ന്യൂസ് തടസ്സപ്പെടുത്തിയിട്ടില്ല. എവിടെയെങ്കിലും ഒരു പരിശോധനക്ക് പോയാൽ പൊലീസ് അവിടെയുള്ള മൊബൈൽ ഫോൺ വാങ്ങിവെക്കും. ഞങ്ങൾ ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടില്ല. നിങ്ങൾ അതിന്റെ രേഖ എടുത്തു നോക്കിയാൽ മനസ്സിലാകും. ഓഫിസിൽ ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന ലോക്കർ ഒക്കെ ഉണ്ട്. അവർ കൂടി ഒപ്പുവെച്ച ഞങ്ങളുടെ സെർച്ച് രജിസ്റ്ററിൽ ഏതെങ്കിലും ജേർണലിസ്റ്റിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടോ എന്ന് നിങ്ങൾ നോക്കൂ. ഞങ്ങളും ഇതെല്ലാം വീഡിയോഗ്രാഫ് ചെയ്തിട്ടുണ്ട്.
അർജന്റീന ഫുട്ബാൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പോർട്സ് വകുപ്പിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഒറിജിനൽ റിപ്പോർട്ടുകളും ആവശ്യമായ മറ്റ് രേഖകളും ശേഖരിക്കുകയും ചിലരുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് മനസ്സിലായതോടെയാണ് കളമശ്ശേരി പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിന് ആവശ്യമായ തെളിവുകളും ഡോക്യുമെന്റുകളും ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട മജിസ്ട്രേറ്റിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങി. സർക്കാർ ഉദ്യോഗസ്ഥരായ രണ്ട് സ്വതന്ത്ര സാക്ഷികൾ, വനിതാ ജീവനക്കാർ, സാങ്കേതിക വിവരങ്ങൾ ശേഖരിക്കാനുള്ള ടെക്നിക്കൽ സംഘം എന്നിവരടങ്ങുന്ന 5 അന്വേഷണ സംഘങ്ങൾ 5 കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന നടപടികൾ വീഡിയോഗ്രാഫ് ചെയ്യുന്നുമുണ്ട്.
നിലവിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് പൂർത്തിയായിട്ടുള്ളത്. കേസിൽ ഇനിയാരൊക്കെ പ്രതികളായി വരും എന്ന കാര്യം തുടർന്നുള്ള അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് എഡിജിപി വ്യക്തമാക്കി.
