ചാനൽ മുറിയിൽ പൊലീസ് എത്തിയത് ലാത്തിയുമായെന്ന് ഡോ. അരുൺ കുമാർ; ‘എഡിറ്ററെ കസേരയിൽനിന്ന് ഇറക്കിവിട്ട് എസിപി കയറിയിരുന്നു, ജോലി തടസ്സപ്പെടുത്തി’

കൊച്ചി: റിപ്പോർട്ടർ ടി.വി ചാനലിന്റെ വാർത്താ മുറിയിൽ പൊലീസുകാർ എത്തിയത് കൈയ്യിൽ ലാത്തിയും കാമറകളുമായാണെന്ന് ചാനൽ ചീഫ് എഡിറ്റർ അരുൺ കുമാർ. റിപ്പോർട്ടർമാരെ വിളിക്കേണ്ട ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനാൽ 12ഓളം വാർത്തകൾ ഷെഡ്യൂൾ ചെയ്ത രാവിലെ ആകെ രണ്ട് വാർത്തയെ സംപ്രേഷണം ചെയ്യാൻ പറ്റിയുള്ളൂ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഏതെങ്കിലും ഒരു ജേണലിസ്റ്റ് ചെയ്ത കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടല്ല ഇന്ന് രാവിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ പൊലീസ് അതിക്രമിച്ചു കയറിയത്. മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സർക്കാരുമായി നടത്തിയ ഒരു എഗ്രിമെന്റിന്റെ പേരിലാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആ അന്വേഷണം നടക്കുന്നതിനിടയിൽ അവർക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അവർക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സമീപിക്കാം. അതിനുപകരം രാവിലെ ആറുമണിക്ക് മുൻപ് ഏകദേശം അഞ്ചേമുക്കാലോടു കൂടി റിപ്പോർട്ടർ ഓഫിസിലേക്ക് വന്നു. ആ സമയത്ത്അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രവർത്തിക്കില്ല എന്നത് എല്ലാവർക്കും അറിയാം. അപ്പോൾ ഇവിടെ ആകെ പ്രവർത്തിക്കുന്നത് വാർത്താ സംപ്രേഷണ വിഭാഗം മാത്രമാണ്.
ന്യൂസ് ഡെസ്കിൽ നമ്മുടെ ഫസ്റ്റ് ലൈവ് തുടങ്ങുന്നതിനു മുൻപ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. അവർ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ നമ്മുടെ ഇൻപുട്ട് ഫോൺ, ഇൻജസ്റ്റിലെ ഫോൺ, എൻസിആർലെ ഫോൺ, ജേർണലിസ്റ്റുകളുടെ 70ഓളം ഫോൺ എന്നിവ പൊലീസ് പിടിച്ചു വെച്ചു. 15 മിനിറ്റ് നേരം ജേർണലിസ്റ്റുകളുടെ ഫോൺ പിടിച്ചു വെച്ചു. എൻസിആറിലെയും ഇൻജസ്റ്റിലെയും ഫോൺ പിടിച്ചുവെച്ചാൽ ന്യൂസ് ഡസ്കിൽ അതുണ്ടാക്കാവുന്ന ആഘാതം എന്താണെന്ന് നിങ്ങൾക്കറിയാം. ഇൻപുട്ടിൽ നിന്നാണ് അടുത്ത കമ്മ്യൂണിക്കേഷൻ പോകുന്നത്. ചാനലിന്റെ വാർത്താ ഫ്ലോയെ തടസ്സപ്പെടുത്തുന്ന അതിക്രമമാണ് പോലീസിന്റെ ഭാഗത്ത് ഉണ്ടായത്.
കേസിന്റെ മെറിറ്റോ ഡിമെറിറ്റോ വാർത്താലേഖകർ എന്ന നിലയിൽ ഞങ്ങളുടെ വിഷയമേ അല്ല. അതൊരു വാർത്തയായി വരുമ്പോൾ നമ്മൾ അത് റിപ്പോർട്ട് ചെയ്യും. എസ്ഐടി രൂപവത്കരിച്ചു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനുപ്പുറത്തേക്ക് അർജന്റിന ടീമിന്റെ വിസിറ്റുമായി ഒരു വാർത്തയും നമ്മൾ കൊടുത്തിട്ടില്ല. ആ വാർത്തയുമായി ബന്ധപ്പെട്ട ഒരു വിവരവും നമുക്കറിയില്ല. എല്ലാവർക്കും അറിയാവുന്ന വിവരങ്ങളെ ഉള്ളൂ.
അതിനിടയിലാണ് ഈ വാർത്താസംഘം പ്രവർത്തിക്കുന്ന വാർത്താ മുറിയിലേക്ക് പോലീസ് എത്തുന്നത്. എത്തുമ്പോൾ അവരുടെ കൈയിൽ ലാത്തി ഉണ്ട്, അവരുടെ കൈയിൽ ക്യാമറയുണ്ട്, സാക്ഷികളായി ഗവൺമെന്റ് ഉദ്യോഗസ്ഥരും ഉണ്ട്. 12ഓളം വാർത്തകൾ ഷെഡ്യൂൾ ചെയ്തിരുന്ന രാവിലെ ആറുമണി മുതൽ ഏഴുമണി വരെയുള്ള സമയത്ത് ആകെ രണ്ട് വാർത്തയേ നമുക്ക് പുറത്തുനിന്ന് സംപ്രേഷണം ചെയ്യാൻ പറ്റിയുള്ളൂ. കാരണം ബാക്കിയുള്ള റിപ്പോർട്ടർമാരെ വിളിക്കേണ്ട ഫോൺ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. അങ്ങനെ ഒരു കാഴ്ച നമ്മൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
വാർത്ത തടസ്സപ്പെട്ടു എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. പിന്നീട് നമ്മൾ കൊടുത്തത് മുഴുവൻ റെയ്ഡിന്റെ വിഷ്വൽസും വാർത്തയുമാണ്. കാരണം മറ്റു വാർത്തകൾ എടുക്കാൻ റിപ്പോർട്ടർമാരെ വിളിക്കാൻ ഇൻജസ്റ്റിലെ ഫോണോ ഇൻപുട്ടിലെ ഫോണോ നമ്മുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
ഞാൻ ഇവിടേക്ക് എത്തുന്നത് ഏഴുമണിയോടു കൂടിയാണ്. ആ സമയത്ത് രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഡെസ്കിൽ ഉണ്ട്. നിങ്ങൾക്കെല്ലാം അറിയാവുന്ന പോലെ നമുക്ഒരു ഇൻസുലേഷൻ ആവശ്യമുണ്ട്. പൊലീസുള്ള വാർത്താമുറിയിൽ നിന്നും വാർത്ത ചെയ്ത ശീലം നമുക്ക് ആർക്കുമില്ല.
അതുകൊണ്ടുതന്നെ പൊലീസ് വാർത്താമുറിയിൽ ഉണ്ടാവരുതെന്ന് നമ്മൾ കർശനമായി പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞങ്ങൾ സംപ്രേഷണം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞപ്പോഴാണ് ആ രണ്ട് വനിതാ ഉദ്യോഗസ്ഥരെ വാർത്താമുറിയിൽ നിന്ന് പിൻവലിച്ചത്.
പൊലീസ് ഡിജിറ്റൽ മുറിയിൽ പോയി അവിടെയുള്ള എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും കസേരയിൽനിന്ന് ഇറക്കിവിട്ടു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഇറക്കി വിട്ടിട്ട് ആ കസേരിയിൽ എസിപി ഇരിക്കുകയാണ്. അലോസരം ഉണ്ടാകുന്ന രണ്ട് കാര്യങ്ങളാണ് നടന്നത്. ഒന്ന്- വാർത്തയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേസിൽ നടത്തിയ റെയ്ഡിൽ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തികൊണ്ട് ഇൻപുട്ടിൽ നിന്ന് ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു, രണ്ട് – ഈ കേസുമായി ബന്ധപ്പെട്ട് ഒരു എഡിറ്ററെ കസേരയിൽ നിന്ന് ഇറക്കി വിട്ട് അവിടെ അസി. പൊലീസ് കമീഷണർ ഇരുന്നു. ഇതുണ്ടാക്കുന്ന പ്രതീകാത്മകമായ ഡാമേജ് എത്രയായിരിക്കും എന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ. എഡിറ്ററുടെ കസേരയിൽ അയാളെ ഇറക്കിവിട്ട് പൊലീസ് ഇരുന്നാൽ പിന്നെ എന്ത് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുക. അതിന് എന്ത് തെറ്റാണ് എഡിറ്റർ ചെയ്തത്? ഏകദേശം 50 മിനിറ്റ് നേരം മൊത്തത്തിൽ ബഹളമായിരുന്നു. അതിനുശേഷമാണ് അവര് വാർത്താ മുറിയിൽ നിന്ന് പിൻവാങ്ങുന്നതും താഴേക്ക് വരുന്നതും.
അതിനുശേഷം അവര് തുടർച്ചയായി ശല്യം ഉണ്ടാക്കികൊണ്ടിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള താക്കോൽ ഞങ്ങളുടെ ആരുടെയും കയ്യിലല്ല. ചാനലുകളിലെ അഡ്മിനിസ്ട്രേറ്റീവ് റൂമിന്റെ താക്കോൽ അഡ്മിനിസ്ട്രേറ്റീവ് മാനേജറുടെ കയ്യിലാണ്. അവരെ അവരുടെ വീട്ടിൽ പോയി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ട് ഓഫീസ് തുറക്കാൻ നമ്മളോട് ആവശ്യപ്പെടുകയാണ്. എംഡിയുടെ വീട്ടിൽ രാവിലെ പോലീസ് എത്തുന്നു,
റെയ്ഡ് നടത്തിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് എംഡിയുടെ മുറി ഞങ്ങൾക്ക് തുറക്കാൻ പറ്റുക. പൊലീസ് എന്തിനാണ് വാർത്താമുറിയിൽ കയറിയത്? ഇൻപുട്ട് ഫോൺ പിടിച്ചത് എന്തിനാണ്? ഇൻജസ്റ്റിലെയും എൻസിആറിലെയും ഫോണുകൾ കളക്ട് ചെയ്തത് എന്തിനാണ്? ഡിജിറ്റൽ വിങ്ങിൽ നിന്ന് എഡിറ്ററെ എഴുന്നേൽപ്പിച്ചു വിട്ട് എസിപി ആ കസേരയിൽ ഇരുന്നത് എന്തിന്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
ഈ അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വന്നാൽ ആ ഓഫിസ് തുറന്ന് നിങ്ങൾക്ക് ഫയലുകൾ എല്ലാം പരിശോധിക്കാമെന്ന് നമ്മൾ അവരോട് തന്നെ ലൈവായി പറഞ്ഞു. നമ്മളുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു വിഷയത്തിൽ പോലീസ് നടത്തിയ ഈ അതിക്രമത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല. ഇത്തരം ഒരു സാഹചര്യം പോലീസ് ഒഴിവാക്കണമായിരുന്നു. അതിൽ ഞങ്ങളുടെ വിഷമവും പ്രതിഷേധവും ഒരുപോലെ അറിയിക്കുന്നു -അദ്ദേഹം പറഞ്ഞു.
