ഈ ലോകകപ്പിലെയും മികച്ച താരം മെസ്സിയായിരുന്നു: ലമീൻ യമാൽ

ലണ്ടൻ : ലോകകപ്പിൽ സ്പെയ്ൻ കിരീടം ചൂടിയെങ്കിലും, അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് സ്പാനിഷ് യുവതാരം ലമീൻ യമാൽ. മോവിസ്റ്റാർ പ്ലസിന്റെ ‘യൂണിവേഴ്സോ വാൽഡാനോ’ (Universo Valdano) എന്ന അഭിമുഖത്തിലാണ് ബാഴ്സലോണയുടെയും സ്പെയ്നിന്റെയും കൗമാരതാരം ഇക്കാര്യം വ്യക്തമാക്കിയത്.
“എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം ലിയോ മെസ്സിയാണ്. ലിയോയുടെ ഈ പ്രായത്തിൽ, അത്രയും ഉയർന്ന നിലവാരത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്ന് ആരും കരുതിയിരുന്നില്ല, സാക്ഷാൽ ലിയോ പോലും,” യമാൽ പറഞ്ഞു.
2026 ലോകകപ്പിൽ അർജന്റീനയെ ഫൈനൽ വരെ നയിച്ച മെസ്സി, ടൂർണമെന്റിൽ 8 ഗോളുകളും 4 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. എന്നാൽ ഫൈനലിൽ അധികസമയത്ത് ഒരു ഗോളിന് അർജന്റീനയെ വീഴ്ത്തി സ്പെയ്ൻ കിരീടം സ്വന്തമാക്കുകയായിരുന്നു. സ്പെയ്നിന്റെ മധ്യനിരയിലെ അവിശ്വസനീയമായ പ്രകടനത്തിന് ക്യാപ്റ്റൻ റോഡ്രിയാണ് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ സ്വന്തമാക്കിയത്. മെസ്സി സിൽവർ ബാളും, കിലിയൻ എംബാപ്പെ ബ്രോൺസ് ബാളിനും ഗോൾഡൻ ബൂട്ടിനും അർഹരായി. കിരീടം ചൂടിയ സ്പെയ്ൻ ടീമിലെ പ്രധാനിയായ യമാലിന്റെ വാക്കുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മെസ്സിയാണ് എക്കാലത്തെയും മികച്ച താരമെന്ന് ഇതിനുമുമ്പും യമാൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 26-ന് ലണ്ടനിൽ നടക്കുന്ന ബാലൺ ഡി ഓർ ചടങ്ങിന് മുന്നോടിയായി, പുരസ്കാര നിർണ്ണയ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തും 19 കാരനായ ലമീൻ യമാൽ രംഗത്തെത്തി. തെറ്റായ മാനദണ്ഡങ്ങളാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം.
“ബാലൺ ഡി ഓർ നൽകേണ്ടത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അത്രമാത്രം. അല്ലാതെ വെറുതെ 80 ഗോളുകൾ നേടുന്ന ഒരു താരത്തിനല്ല. കാരണം, നിങ്ങൾ 80 ഗോളുകൾ അടിക്കുമ്പോൾ അവർ നിങ്ങൾക്ക് സീസണിലെ ‘ടോപ് സ്കോറർ’ക്കുള്ള പുരസ്കാരമാണ് നൽകേണ്ടത്,” യമാൽ കൂട്ടിച്ചേർത്തു.
