ഇടുക്കിയിലും വയനാട്ടിലും കുങ്കുമപ്പൂ കൃഷി; പദ്ധതിക്കൊരുങ്ങി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ

കൊച്ചി: സംസ്ഥാനത്ത് കുങ്കുമപ്പൂ കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ. ഇടുക്കി, വയനാട് ജില്ലകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയ്ക്ക് അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ശാസ്ത്രീയ പഠനങ്ങളും പരിശോധനകളും നടത്തിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയ്ക്ക് തുടക്കംകുറിക്കുക.
കൃഷി നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ വിശകലന റിപ്പോർട്ട് സംസ്ഥാന കൃഷി മന്ത്രിക്ക് നേരത്തേ സമർപ്പിച്ച സ്പൈസസ് ബോർഡ്, മന്ത്രാലയവുമായുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. പഠന റിപോർട്ടുകൾക്കും സാങ്കേതിക നിർദേശങ്ങൾക്കുമായി ‘റെഡ് ഗോൾഡ് ഭാരത്’ എന്ന ഏജൻസിയുമായും ഐ.സി.എ.ആർ ശാസ്ത്രഞ്ജരും കൃഷിവകുപ്പിനൊപ്പം ചേരും. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയോടടക്കമുള്ള ചർച്ച പുരോഗമിച്ചിട്ടുണ്ട്.
കുങ്കുമപ്പൂവിന് പുറമെ തൈലങ്ങൾ, ഔഷധ ക്യാപ്‌സൂളുകൾ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകളും മുന്നിൽ കാണുന്നുണ്ടെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു. കശ്മീരിലെ ഉത്പാദനം കുറഞ്ഞതിനാൽ വിപണിയിലെ കുങ്കുമപ്പൂവ് ലഭ്യമില്ലാതാവാറുണ്ട്. അത് പരിഹരിക്കാനും ആഭ്യന്തര അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി ചെയ്യാനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
കേരളത്തിൽ നിലവിൽ റാന്നി, കാന്തല്ലൂർ, ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളിലും ചെറിയ തോതിൽ കുങ്കുമപ്പൂ കൃഷി ചെയ്യുന്നുണ്ട്. തണുപ്പുള്ള കാലാവസ്ഥ പരിഗണിച്ചാണ് ഈ പദ്ധതിയ്ക്കായി ഇടുക്കി, വയനാട് ജില്ലകളെ തിരഞ്ഞെടുത്തത്. സ്ഥിരമായ താപനിലയും ആർദ്രതയും ക്രമീകൃതമാകുന്ന പരിസ്ഥിതിയാണ് കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യം എന്നതുകൊണ്ടുതന്നെ ഇവിടങ്ങളിൽ പദ്ധതി വിജയകരമായേക്കും.
