അമിതവേഗതയിൽ വന്ന ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്

വേങ്ങര (മലപ്പുറം): കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്കേറ്റു. പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരിച്ചത്.
അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ (50)ക്ക് ഗുരുതര പരിക്കേറ്റു. കോട്ടക്കൽ പൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
എ.ആർ. നഗർ കൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നും സ്വന്തം വീടായ പൊന്മളയിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽ പോകുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന അലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
