‘സ്‌നേഹിത’യുടെ 13 വർഷങ്ങൾ’; അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ താങ്ങായി ‘സ്‌നേഹിത’

തിരുവനന്തപുരം: അതിക്രമങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും നിയമസഹായവും താൽക്കാലിക സംരക്ഷണവും ഒരുക്കി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘സ്‌നേഹിത ജൻഡർ ഹെൽപ് ഡെസ്‌ക്’. ജില്ലയിൽ പ്രവർത്തനമാരംഭിച്ച് 2026 ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 5,930 കേസുകളിലാണ് സ്‌നേഹിതയുടെ ഫലപ്രദമായ ഇടപെടൽ നടന്നത്.

സ്ത്രീകൾക്ക് എതിരെയുള്ള ലിംഗവിവേചനവും ചൂഷണവും തിരിച്ചറിയുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾക്ക് സ്ത്രീകളെ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ട് 2013 സെപ്റ്റംബർ 10ന് തിരുവനന്തപുരം ജില്ല കുടുംബശ്രീ മിഷന് കീഴിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. 2026 സെപ്റ്റംബർ എത്തുമ്പോൾ തിരുവനന്തപുരം സ്നേഹിത ജെർഡർ ഹെൽപ് ഡെസ്കിന് 13 വയസ്സ് തികയുകയാണ്.

പ്രശ്നങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിൽ മാത്രം ഇടപെടുക എന്നതിനപ്പുറം, കുടുംബങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സ്‌നേഹിത മുൻഗണന നൽകുന്നത്. കൗൺസലിങ്, നിയമസഹായം, താൽക്കാലിക സംരക്ഷണം, റഫറൽ സേവനങ്ങൾ എന്നിവ നൽകുന്നതോടൊപ്പം സ്ത്രീകളെയും കുട്ടികളെയും അവകാശബോധമുള്ളവരാക്കി മാറ്റുന്നതിനുള്ള ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും സ്‌നേഹിത തുടർച്ചയായി സംഘടിപ്പിച്ചുവരുന്നു.

-സ്‌നേഹിത സബ് സെന്ററുകൾ: ഗിരിവർഗ മേഖലകളിലും തീരദേശ മേഖലകളിലും സേവനം കൂടുതൽ ലഭ്യമാക്കുന്നതിനായി വിതുര, അമ്പൂരി, കഠിനംകുളം എന്നിവിടങ്ങളിൽ സബ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. ഇതുവരെ 154 കേസുകൾ സബ് സെന്ററുകൾ വഴി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

-സ്‌നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൽ സെന്റർ: പൊലീസ് സ്റ്റേഷനുകളിൽ അടിയന്തര കൗൺസിലിങ്ങും പിന്തുണയും ആവശ്യമായി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായമെത്തിക്കുന്നതിനായി 2025 മാർച്ച് മുതൽ ഡിവൈ.എസ്.പി/എ.സി.പി ഓഫിസുകൾ കേന്ദ്രീകരിച്ച് സ്‌നേഹിത പൊലീസ് സ്റ്റേഷൻ എക്സ്റ്റൻഷൽ സെന്റർ ആരംഭിച്ചു. ഈ സംവിധാനം വഴി ഇതുവരെ 663 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രധാന സ്ഥിതിവിവരക്കണക്കുകൾ (2013-2026 ആഗസ്റ്റ് വരെ)

  • ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ: 5,930
  • കൗൺസിലിങ് ആവശ്യമായി വന്ന കേസുകൾ: 2,408
  • നൽകിയ ആകെ കൗൺസിലിങ് സെഷനുകൾ: 5,646
  • താൽക്കാലിക അഭയം നൽകിയത് : 1,568 സ്ത്രീകൾക്ക്
  • നിയമസഹായം ലഭ്യമാക്കിയവ: 494 കേസുകൾ
  • ഗാർഹിക അതിക്രമ കേസുകൾ: 1,629
  • ലൈംഗിക അതിക്രമ കേസുകൾ : 550
  • ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന പ്രത്യേക പദ്ധതികൾ