സ്വർണ കമ്മലിനും മൂക്കുത്തിക്കും മോതിരത്തിനും വിലകൂടും; ഹാൾമാർക്ക് നമ്പർ നിർബന്ധമാക്കുന്നത് ഉപേക്ഷിക്കണമെന്ന് സ്വർണവ്യാപാരികൾ

കൊച്ചി: രണ്ട് ഗ്രാമിൽ താഴെയുള്ള സ്വർണാഭരണങ്ങൾക്ക് എച്ച്.യു.ഐ.ഡി (ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ) നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. എച്ച്.യു.ഐ.ഡി സംവിധാനം ഉപഭോക്തൃ സംരക്ഷണത്തിനും സ്വർണത്തിന്റെ ശുദ്ധത ഉറപ്പാക്കുന്നതിനും പ്രാധാന്യമുള്ളതാണ്. എന്നാൽ, കുറഞ്ഞ ഭാരമുള്ള ആഭരണങ്ങൾക്കും അതേ രീതിയിൽ നിർബന്ധം ഏർപ്പെടുത്തുന്നത് പ്രായോഗികവും സാമ്പത്തികവുമായ വലിയ പ്രതിസന്ധികൾക്ക് ഇടയാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.

മൂക്കുത്തി, ചെറിയ കമ്മൽ, മോതിരം, ലോക്കറ്റ്, കുട്ടികളുടെ ആഭരണങ്ങൾ തുടങ്ങിയ രണ്ടുഗ്രാമിൽ താഴെയുള്ള ചെറു ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി നിർബന്ധമാക്കുന്നത് അവയുടെ വില വർധനക്ക് ഇടയാക്കും. ആഭരണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹാൾമാർക്കിങ് ചെലവ് അനുപാതാതീതമായി ഉയരും. ഇതോടൊപ്പം ഹാൾമാർക്കിങ് കേന്ദ്രത്തിലേക്കുള്ള ഗതാഗതം, പാക്കിങ്, കൈകാര്യം ചെയ്യൽ, പരിശോധന എന്നിവയ്ക്കുള്ള അധിക ചെലവും വ്യാപാരികൾക്ക് വഹിക്കേണ്ടിവരും. ഇതിന്റെ അന്തിമഭാരം ഉപഭോക്താവിന്റെ മേൽ തന്നെ എത്താൻ സാധ്യതയുണ്ട്.

ചെറുകിട സ്വർണപ്പണിക്കാർക്കും നിർമ്മാതാക്കൾക്കും ഇത് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സൂക്ഷ്മമായ ഡിസൈനുകളുള്ള ചെറിയ ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിപ്പിക്കുന്നതിലൂടെ ആഭരണത്തിന്റെ രൂപകൽപ്പനയ്ക്കും ഗുണനിലവാരത്തിനും പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഉപഭോക്തൃ സംരക്ഷണത്തിന്റെ പേരിൽ അനാവശ്യമായ അധിക ചെലവ് ഉപഭോക്താവിന്റെ മേൽ അടിച്ചേൽപ്പിക്കരുത്. എച്ച്.യു.ഐ.ഡി സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കെ.ജി.എസ്.എം.എ എതിർക്കുന്നില്ല. എന്നാൽ രണ്ടുഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് നിലവിലുള്ള ഇളവ് നിലനിർത്തണം. ഈ വിഭാഗത്തിന് ഗുണമേന്മയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്ന ലളിതവും ചെലവ് കുറഞ്ഞതുമായ പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത് -അവർ പറഞ്ഞു.

സ്വർണവ്യാപാര മേഖലയിലെ ചെറുകിട സംരംഭകരെയും പരമ്പരാഗത സ്വർണപ്പണിക്കാരെയും ഉപഭോക്താക്കളെയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യാപാര സംഘടനകളുമായി വിശദമായ ചർച്ച നടത്തണം. എച്ച്.യു.ഐ.ഡി സംവിധാനം ഉപഭോക്തൃ സംരക്ഷണത്തിനുള്ളതാകണമെന്നും ചെറുകിട വ്യാപാരികൾക്കും സാധാരണ ഉപഭോക്താക്കൾക്കും അധിക സാമ്പത്തിക ഭാരമാകരുതെന്നും സംഘടന ആവശ്യപ്പെട്ടു.

എന്താണ് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID)?

സ്വർണാഭരണങ്ങളുടെ വിശ്വാസ്യതയും ശുദ്ധിയും ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആറക്ക ആൽഫാന്യൂമെറിക് കോഡാണ് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID). ഇതിൽ അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ വിൽക്കുന്ന ഹാൾമാർക്ക് ചെയ്ത രണ്ട് ഗ്രാമിന് മുകളിലുള്ള എല്ലാ സ്വർണാഭരണങ്ങൾക്കും നിലവിൽ ഈ കോഡ് നിർബന്ധമാണ്. വ്യക്തികൾക്ക് ആധാർ നമ്പർ എന്നത് പോലെ, ഓരോ ആഭരണത്തിനും നൽകുന്ന തനത് നമ്പറായാണ് എച്ച്.യു.ഐ.ഡി പ്രവർത്തിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) അംഗീകരിച്ച അസ്സയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകളിൽ നിന്നാണ് ഈ കോഡ് ലേസർ വഴി ആഭരണങ്ങളിൽ പതിപ്പിക്കുന്നത്.