‘അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരല്ല’; വി.ഡി. സതീശന്റെ വിമാനയാത്രയെ പിന്തുണച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: മലപ്പുറം ടി.കെ നഗറിൽ ആറുപേർ മരിച്ച മലവെള്ളപ്പാച്ചിൽ ദുരന്തബാധിത മേഖലയിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. വിമാനം കർണാടക ഊർജ്ജ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ‘കെളചന്ദ്ര ലോജിസ്റ്റിക്സ്’ എന്ന കമ്പനിയുടേതാണ്. യാത്രയിനത്തിൽ സർക്കാരിന് ചെലവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ, സ്പോൺസർഷിപ്പ് രീതി സത്യപ്രതിജ്ഞ ലംഘനമാണെന്ന് സിപിഎം ആരോപിച്ചു. സ്പോൺസർമാർ വെറുക്കപ്പെട്ടവരല്ലെന്നായിരുന്നു ഇതിനോട് മന്ത്രി കെ മുരളീധരന്റെ പ്രതികരണം. ഇന്നലെയാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് സ്വകാര്യ ചാർട്ടഡ് വിമാനത്തിൽ പോയത്. ചാർട്ടേഡ് വിമാനയാത്ര സർക്കാർ ചെലവിലല്ലെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
കർണാടക മന്ത്രിയും മലയാളിയുമായ കെജെ ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള കേരളചന്ദ്ര ലോജിസ്റ്റിക്സ് എന്ന കമ്പനിയുടേതാണ് ചാർട്ടേഡ് വിമാനം എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഹെലികോപ്റ്ററിന്റെ സേവന കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പെട്ടെന്നുള്ള യാത്രയ്ക്ക് ചാർട്ടേഡ് വിമാനത്തിന്റെ സേവനം ലഭ്യമാക്കിയത് എന്നാണ് സൂചന.
അതേസമയം, സ്വകാര്യ ചെലവിലെ യാത്രയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ‘യാത്ര ചെയ്തു എന്ന് സമ്മതിക്കുക, അത് സ്പോൺസർ ചെയ്തതാണ് എന്ന് പറയുക, പക്ഷേ ആരാണ് സ്പോൺസർ ചെയ്തത് എന്ന കാര്യം പറയുന്നില്ല. ഇത്തരത്തിൽ ഒരു വ്യക്തിയോ സ്ഥാപനമോ സ്പോൺസർ ചെയ്തിട്ടുണ്ടെങ്കിൽ അതും സത്യപ്രതിജ്ഞാ ലംഘനമാണ്. ഇങ്ങനെ തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ മുമ്പിലുള്ള അവസ്ഥ’ -അദ്ദേഹം പറഞ്ഞു.
സർക്കാരിന് ചിലവില്ലാത്ത യാത്രയാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളിധരന്റെ പ്രതികരണം. ‘ഏതായാലും സർക്കാരിന് ചെലവില്ലല്ലോ. അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരുമല്ല’ -അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനം അദ്ദേഹത്തിന്റെ ബിനാമി കമ്പനിയുടേതാണെന്ന രീതിയിൽ ഇടത് പ്രൊഫൈലുകൾ നടത്തുന്ന ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക മുൻ ആഭ്യന്തരമന്ത്രി കൂടിയായ കെ.ജെ. ജോർജ് തുടങ്ങിയ കമ്പനിയാണിതെന്നും നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ സുജ ജോർജ് എം.ഡിയായും മകൻ റാണ ജോർജ് ഡയറക്ടറായും പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ മുഖ്യമന്ത്രിക്ക് ദുരിതമേഖലയിൽ അതിവേഗമെത്താൻ സർക്കാരിന്റെയോ പൊതുജനത്തിന്റെയോ പണം ധൂർത്തടിക്കേണ്ട കാര്യമില്ലെന്നും, സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണയും സംവിധാനങ്ങളും തന്നെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത ഗൂഢാലോചനാ തിയറികൾക്ക് പിന്നാലെ പോകാതെ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും മറ്റ് വിഷയങ്ങൾ കണ്ടെത്താൻ സമയം മാറ്റിവെക്കുന്നതാണ് നല്ലതെന്നും ഷെഫീർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
