മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും; പേജുകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പിൽ ഉൾപ്പെട്ട കൂടുതൽ നേതാക്കളുടെ വിവരങ്ങൾ ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്‍റെ ആരോപണം.
എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് പുറത്തുവിട്ടത്. ‘എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ് (വിവാദ കമ്പനിയുടെ മാനേജിങ് ഡയറക്ടറിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത്, എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്)’ -എന്നീ കുറിപ്പിനൊപ്പമാണ് പേജിന്‍റെ ഒരു ഭാഗം ഷോൺ പങ്കുവെച്ചത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ഷിബു ബേബി ജോണ്‍, സി.കെ. ചന്ദ്രപ്പന്‍, എളമരം കരീം, ഗോവിന്ദന്‍ മാസ്റ്റര്‍, എം.പി ഹൈബി ഈഡന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ്. ശര്‍മ, പി രാജീവ്, കെ.ബി ഗണേഷ് കുമാര്‍ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അടങ്ങിയ പേജാണ് പുറത്തുവിട്ടത്. യു.ഡി.എഫിലെ പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതു കൊണ്ടാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാകാത്തതെന്നാണ് ഷോണിന്‍റെ ആരോപണം.
