അപൂർവ ഇനത്തിലുള്ള ചെവിയൻ നത്തിനെ കണ്ടെത്തി

നിലമ്പൂർ: നിലമ്പൂരിൽ അപൂർവ ഇനത്തിൽപ്പെട്ട ചെവിയൻ നത്തിനെ കണ്ടെത്തി. ‘ഇന്ത്യന്‍ സ്കോപ്സ് ഔൾ’ എന്നറിയപ്പെടുന്ന നത്തിനെ അമരമ്പലത്തെ ഒരു സ്വകാര്യഭൂമിയിലെ മരത്തിൽ നിന്നാണ് വന്യജീവി ഫോട്ടോഗ്രാഫർ വഴിക്കടവ് സ്വദേശി അജയ് നാരായണൻ കാമറയിൽ പകർത്തിയത്. ചെവി പോലെ ഉയർന്ന് നിൽക്കുന്ന ചെവിത്തൂവലുകളാണ് ഇവയുടെ പ്രത്യേകത. ചാരനിറത്തിലോ ബ്രൗൺ കലർന്ന തവിട്ട് നിറത്തിലോ തലയും മുകൾഭാഗവും, വെള്ളയിൽ ചാരനിറത്തിലുള്ള വരയും കുറിയുമാണ് ഇവക്കുള്ളത്. കണ്ണുകൾ തവിട്ട് നിറമാണ്. 23-25 സെ.മീറ്റർ നീളമുണ്ടാവും. പ്രാണികളും വണ്ടുകളുമാണ് പ്രധാന ഭക്ഷണം. അറേബ്യ തൊട്ട് ഇന്ത്യൻ ഉപഭൂഖണ്ഡമടക്കം ഇന്തോനേഷ്യ വരെ കാണപ്പെടുന്ന അപൂർവയിനം കാട്ടുപക്ഷിയാണിത്. രാത്രി സഞ്ചാരിയാണ്. പകൽ സമയത്ത് കാണാൻ വളരെ ബുദ്ധിമുട്ടാണ്. ‘വാട്ട്” എന്ന് ആവർത്തിച്ച് ചോദിക്കും പോലെയുള്ള ശബ്ദമാണ് ഈ ചെവിയൻ മൂങ്ങക്ക്.
