ആദ്യം വിക്രമും ഉണ്ണികൃഷ്ണനും പിന്നെ ഭരതനുമെത്തി, ആറളത്തെ വിറപ്പിച്ച മോഴയെ താങ്ങി നിർത്തി; ഓപറേഷന്‍ കണ്ണൂര്‍ മഖ്‌ന വിജയം

കേളകം (കണ്ണൂർ): ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളെ വര്‍ഷങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎം-1 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടി. ഇതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളും.
‘ഓപറേഷന്‍ കണ്ണൂര്‍ മഖ്‌ന’ എന്ന പേരില്‍ നടത്തിയ ദൗത്യത്തിനൊടുവിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ആനയെ തളയ്ക്കാനായത്. ചൊവ്വാഴ്ച ആനയെ പുനരധിവാസ മേഖലയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും മയക്കുവെടി വെക്കാന്‍ സൗകര്യപ്രദമായ സ്ഥലത്തല്ലാത്തതിനാല്‍ ദൗത്യം നീണ്ടുപോവുകയായിരുന്നു.
അവസാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് 100ലേറെ പേര്‍ അടങ്ങുന്ന ദൗത്യസംഘം മോഴയ്ക്ക് ആദ്യ മയക്കുവെടി നല്‍കിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് രണ്ടു തവണ കൂടി മയക്കുവെടി നല്‍കി. എന്നിട്ടും പൂര്‍ണ്ണമായും മയങ്ങാതെ നിന്ന ആനയെ അധിക മരുന്ന് നല്‍കിയാണ് നിയന്ത്രണവിധേയമാക്കിയത്.
മയക്കുവെടിയേറ്റതിന് പിന്നാലെ നേരത്തേ വളയംചാലില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന മൂന്ന് കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിച്ചു. ആദ്യം വിക്രമും ഉണ്ണികൃഷ്ണനും പിന്നീട് ഭരതനും ദൗത്യത്തില്‍ പങ്കുചേര്‍ന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിയേറ്റ മോഴയെ താങ്ങിനിര്‍ത്തുകയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന ആറു കാട്ടാനളെയും പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാല്‍ ഭാഗത്ത് നിരീക്ഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കൂടെയുണ്ടായിരുന്ന ആനകളെ മോഴയില്‍നിന്ന് അകറ്റിയ ശേഷം മയക്കുവെടിവെക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.
റോഡില്‍നിന്ന് ഏകദേശം 300 മീറ്റര്‍ അകത്തുള്ള വനമ്പ്രദേശത്തു വച്ചാണ് മോഴയെ മയക്കുവെടിവെച്ചത്. ഇവിടെ നിന്ന് മയക്കുവെടിയേറ്റ ആനയെ റോഡിലെത്തിക്കുക അസാധ്യമായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുതിയ റോഡ് നിര്‍മ്മിച്ച് ആനയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനിടെയുണ്ടായ ശക്തമായ മഴ ദൗത്യം ദുഷ്‌കരമാക്കി. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പുറത്തെത്തിച്ച് വയനാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്.
മുത്തങ്ങയില്‍ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിലാണ് കണ്ണൂര്‍ മഖ്നയെ താമസിപ്പിക്കുക. ആനയുടെ മുന്‍ഭാഗത്തെ ഒരു കാലിലും തുമ്പിക്കൈയിലും മുറിവിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഡിഎഫ്ഒ പറഞ്ഞു. ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ചികിത്സ നല്‍കും. ആനയുടെ ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം ട്രാക്ക് ചെയ്യുന്നതിനായി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിസ്തൃതമായ വനമേഖലയില്‍ തുറന്നുവിടാനാണ് നിലവിലെ പദ്ധതി.
ആനയെ പിടികൂടിയ പ്രദേശത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ ബുധനാഴ്ച മുതല്‍ ഇവിടെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കക്കുവാ കവല മുതല്‍ പതിമൂന്നാം ബ്ലോക്ക് പരിപ്പ്‌തോട് റൂട്ടില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദൗത്യം അവസാനിക്കുന്നതു വരെ വനംവകുപ്പിന്റെയും പോലീസിന്റെയും വാഹനങ്ങള്‍ മാത്രമേ ഇതുവഴി കടത്തിവിട്ടുള്ളൂ.
ആറളത്തെ ആര്‍ആര്‍ടിക്കു പുറമെ, വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നുമുള്ള ആര്‍ആര്‍ടികളും മുതിര്‍ന്ന വനം, റവന്യൂ, പൊലിസ് വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടെ നൂറിലേറെ പേര്‍ അടങ്ങിയ ദൗത്യസംഘമാണ് ഓപറേഷന്‍ കെഎം-1 വിജയകരമായി പൂര്‍ത്തീകരിച്ചത്.
കണ്ണൂര്‍ ഡിഎഫ്ഒ കെ സജി, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീശന്‍, ആറളം സിഐ ടി കെ ഷീജു, എസ്എച്ച്ഒ എന്‍ ബിബിന്‍, ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജി ജോണ്‍, കൊട്ടിയൂര്‍ റെയിഞ്ചര്‍ ടി. നിഥിന്‍രാജ്, കണ്ണവം റെയിഞ്ചര്‍ സുധീര്‍ നരോത്ത്, ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യാ രാഘവന്‍ തുടങ്ങിയവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കി.
