ശ്രീകണ്ഠാപുരം നഗരസഭ പരിധിയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താൽ

കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായതിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. എന്നാൽ അവശ്യ സർവീസുകളെയും വാഹന ഗതാഗതത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശ്രീകണ്ഠാപുരത്ത് ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് നഗരസഭാ ചെയർമാന്റെ വസ്ത്രങ്ങൾ കീറുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ 19 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.
