ഈ സമരത്തിൽനിന്ന് പാഠം പഠിച്ചാൽ ഡൽഹി പൊലീസിനും രാജ്യത്തിനും കൊള്ളാം -ഷാഫി പറമ്പിൽ എം.പി

ന്യൂഡൽഹി: എസ്.ഐ.ആറിന്റെ മറവിൽ നടത്തുന്ന വോട്ടുകൊള്ളക്കെതിരെയുള്ള സമരത്തിൽ രാജ്യം ഒന്നടങ്കം ഇറങ്ങിത്തിരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി. ഈ സമരത്തിൽനിന്ന് പാഠങ്ങൾ പഠിച്ചാൽ അതാണ് ഡൽഹി പൊലീസിനും രാജ്യത്തിനും നല്ലത്. അതല്ല ഗ്യാനേഷ് കുമാറിന്റെ രക്ഷയ്ക്ക് വേണ്ടി ഏതു മാർഗ്ഗവും സ്വീകരിക്കാൻ അവർ തീരുമാനിച്ചാൽ ജനാധിപത്യപരമായി അതിനെ ചെറുക്കാനും പ്രതിരോധിക്കാനുമുള്ള അവകാശവും ഉത്തരവാദിത്വവും ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രപിതാവ് എങ്ങനെയാണോ ഈ രാജ്യത്തിന് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതാൻ ജനകോടികളെ വിളക്കിച്ചേർത്തത്, അതുപോലെ ഈ ആവശ്യത്തിന് മുന്നിൽ രാജ്യം ഒരുമിക്കണം. നാളെ കോൺഗ്രസ് ചെയ്ത ഒരു കാര്യം ശരിയല്ലെന്ന് ജനങ്ങൾക്ക് തോന്നിയാൽ ആ ഭരണകൂടത്തെ തിരുത്താൻ ജനങ്ങൾ ഇറങ്ങണം. ആ അവകാശത്തിൽ വെള്ളം ചേർത്താൽ പിന്നെ ഈ നാട്ടിൽ ശരിയും തെറ്റും ഉണ്ടോ. ആരെങ്കിലും ഒരാൾ തീരുമാനിക്കുന്നത് മാത്രമല്ല നടക്കുകയുള്ളൂ. ഇത് ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെയും നിലനിൽപിന്റെയും പ്രശ്നമായി തന്നെ ജനങ്ങൾ കാണണം.

ഇപ്പോൾ രാഷ്ട്രപിതാവിന്റെ അടുക്കലേക്ക് ഈ സമരം എത്തി. അവിടുന്ന് കരുത്തും ഊർജ്ജവും ഉൾക്കൊണ്ട് രാഹുൽ ഗാന്ധിയെ പോലുള്ള ആളുകൾ മുന്നിൽ നിന്ന് നയിക്കുന്ന സമര പരമ്പരകൾ തുടരുക തന്നെ ചെയ്യും. ഇന്ന് കണ്ടതും ഈ സമരത്തിന്റെ സമാപനം അല്ല എന്നത് ഓർമിപ്പിക്കുകയാണ്’ -ഷാഫി പറമ്പിൽ പറഞ്ഞു.

അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിവസവും പ്രക്ഷോഭത്തീയിലാണ് ഡൽഹി. പ്രതിഷേധങ്ങളുടെ ഭാഗമായി ഉച്ചക്കുശേഷം പ്രതിപക്ഷ എം.പിമാരും കോൺഗ്രസ് പ്രവർത്തകരും രാജ്ഘട്ടിൽ പ്രാർഥന നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം, രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പ്രാർഥന നടത്താനാണ് എം.പിമാർ ഉൾപ്പെ​ടെയുള്ളവർ എത്തിയത്.

എന്നാൽ, പൊലീസും സുരക്ഷാ സേനയും എം.പിമാരെയും തടഞ്ഞുവെച്ചെങ്കിലും വൈകീട്ട് അഞ്ചിനും ശേഷം രാജ്ഘട്ടിൽ പോകാൻ അനുമതി നൽകി. സാധാരണ ഗതിയിൽ വൈകീട്ട് ആറു വരെയാണ് രാജ്ഘട്ടിൽ സന്ദർ​ശനത്തിന് അനുമതിയുള്ളത്. മൂക്കാൽ മണിക്കൂറിനു ശേഷം എം.പിമാർ ഗാന്ധി സമാധിയിൽ നിന്ന് തിരിച്ചിറങ്ങി. കോൺ​ഗ്രസ് പ്രവർത്തകരും രാജ്ഘട്ടിലേക്ക് ഒഴുകി​യെത്തിയിരുന്നു.

ബി.ജെ.പി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും നല്ല ബുദ്ധി തോന്നാൻ ഗാന്ധി സമാധിയിൽ പ്രാർഥന നടത്തുമെന്നായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം. തങ്ങളുടെ നടപടികൾ രാജ്യതാൽപര്യത്തിന് നിരക്കാത്തതാണെന്ന് നരേന്ദ്ര മോദിയും അമിത് ഷായും തിരിച്ചറിയാൻ പ്രാർഥിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷന് മുന്നിലും ജന്തർ മന്തറിലും പ്രതിഷേധിക്കുന്നതിൽ നിന്ന് മൂന്നൂറോളം എം.പിമാരെ തടഞ്ഞതായും ചിലർ ആക്രമിക്കപ്പെട്ടതായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ഇൻഡ്യ മുന്നണിയിലെ എം.പിമാർ നടത്തുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുർജാർ രംഗത്തെത്തി. വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് അജാരകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ചു.