മലപ്പുറത്തിന് സന്തോഷവാർത്ത! വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും

നിലമ്പൂർ: ഏറെക്കാലമായി മലപ്പുറം ജില്ലയിലെ മലയോരവാസികൾ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിൻ സർവിസിന് ഒടുവിൽ പച്ചക്കൊടി വീശുന്നു. ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത പാലക്കാട് ഡിആർഎം മധുകർ റോത്ത് സ്ഥിരീകരിച്ചു. ഏറെ വൈകാതെ തന്നെ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും.

ഷൊർണൂർമുതൽ നിലമ്പൂർവരെയുള്ള പാതയിലെ വിവിധ സ്റ്റേഷനുകളിൽ വേണാടിനെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ലാത്തതാണ് നേരത്തെ ട്രെയിൻ സർവിസ് നീട്ടുന്നതിന് തടസ്സമായിരുന്നത്. എന്നാൽ, മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ച് പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായി. ക്രോസിങ് സ്റ്റേഷൻ അടുത്ത മാസം കമ്മിഷൻ ചെയ്യന്നതോടെ ട്രെയിൻ നീട്ടുന്നതിനുള്ള തടസ്സങ്ങൾ മാറുമെന്ന് മധുകർ റോത്ത് പറഞ്ഞു.

വേണാട് എക്‌സ്പ്രസിന് 22 കോച്ചുകളുണ്ട്. നിലമ്പൂർപാതയിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും 18 കോച്ചുകൾ നിർത്താനുള്ള പ്ലാറ്റ്‌ഫോം സൗകര്യമേയുള്ളൂ. വേണാടിന്റെ കോച്ചുകൾക്ക് നീളവും കൂടുതലാണ്. അതിനാൽ ആറ് ബോഗികൾവരെ പ്ലാറ്റ്‌ഫോമിന് പുറത്ത് നിർത്തേണ്ട സ്ഥിതിവരും. റെയിൽവേ ചട്ടപ്രകാരം ഇത് അനുവദനീയമല്ല. ഇതാണ് നേരത്തെ തടസ്സമായിരുന്നത്.

നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുമായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഡിആർഎം മധുകർ റോത്ത് നടത്തിയ ചർച്ചയിലാണ് ട്രെയിൻ നീട്ടുന്ന കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12 ന് ഷൊർണൂരെത്തുന്ന വേണാട് എക്സ്പ്രസ് ഉച്ച കഴിഞ്ഞ് മൂന്നിനാണ് മടങ്ങുന്നത്. ഷൊർണൂരിൽ നിർത്തിയിടുന്ന സമയം ഉപയോഗപ്പെടുത്തി നിലമ്പൂരിലേക്ക് നീട്ടാനാണ് നീക്കം. രാവിലെ 10നും 3നും ഇടയിൽ നിലമ്പൂർ പാതയിൽ ട്രെയിൻ സർവീസ് ഇല്ലാത്തതിനും ഇതോടെ പരിഹാരമാകും.

നിലമ്പൂർ സ്റ്റേഷനിൽ നഷ്‌ടത്തിന്റെ പേരിൽ നിർത്തിയ പാഴ്സൽ സർവിസ് പുനരാരംഭിക്കുന്നതും യോഗത്തിൽ ചർച്ചയായി. ലാഭകരമാകുമെന്ന് ഉറപ്പ് കിട്ടിയാൽ സർവിസ് പുനരാരംഭിക്കുമെന്ന് ഡിആർഎം അറിയിച്ചു. വരുമാനം വർധിപ്പിച്ചാൽ പാതയിൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൗൺസിൽ പ്രസിഡന്റ് ഡോ.ബിജു നൈനാൻ, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി മേനോൻ, ഡിവിഷനൽ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജോഷ്വ കോശി, അനസ് യൂണിയൻ, വ്യവസായി പി.ഇസ്മായിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.