17ാം ഓവർ എന്തിന് കുൽദീപിന് നൽകി? ചോദ്യവുമായി ഗവാസ്കർ

റാഞ്ചി: രണ്ടാം ട്വന്റി20യിലെ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ ബൗളിങ് തീരുമാനങ്ങളെ കുറ്റപ്പെടുത്തി മുൻ താരം സുനിൽ ഗവാസ്കർ. വിൻഡീസ് കൂറ്റനടികളുമായി വിജയത്തിലേക്ക് നീങ്ങവെ, 17ാം ഓവർ എറിയാൻ കുൽദീപിനെ വിളിച്ചത് തെറ്റായ തീരുമാനമായി മാറിയെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. മുന്ന് വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് മുൻനിരയുടെ നടുവൊടിച്ച മായങ്ക് യാദവും, അർഷ്ദീപിനെ പോലൊരു പേസ് ബൗളറും നിലനിൽക്കെ നിർണായക സമയത്ത് കുൽദീപിനെ വിളിച്ചത് തെറ്റായ തീരുമാനമാണെന്നാണ് ഗവാസ്കറുടെ വാദം.
ഷായ് ഹോപ് ഉഗ്ര ഫോമിൽ നിൽക്കെ കുൽദീപ് എറിഞ്ഞ ഓവറിൽ 24 റൺസാണ് വഴങ്ങിയത്. മൂന്ന് സിക്സും ഒരു ബൗണ്ടറിയും ഒരു വൈഡും വഴങ്ങിയ ഓവർ കളി മാറ്റി. മത്സരത്തിൽ ഇന്ത്യക്ക് കടുത്ത സമ്മർദവും സമ്മാനിച്ചു. നിർണായക ഘട്ടത്തിൽ മായങ്കിന്റെ മിടുക്കിനെ ഉപയോഗിച്ചില്ലെന്നും താരം പറഞ്ഞു. ‘വിക്കറ്റുകൾ വീഴ്ത്തിയ മായങ്കിന് അവസരം നൽകിയിരുന്നെങ്കിൽ കളി മാറിയേനെ. ഒരു വിക്കറ്റ് കൂടി വീഴുന്നതോടെ എതിരാളികൾ കടുത്ത സമ്മർദത്തിലാവും. മായങ്കിനെ അവർ നന്നായി ഭയപ്പെടുകയും ചെയ്തിരുന്നു. ഒമ്പതാം ഓവർ ശിവം ദുബെക്ക് നൽകിയതും തെറ്റായി. ആ സമയത്ത് കുൽദീപിനെ വിളിക്കുന്നതായിരുന്നു നല്ലത്’ -ഗവാസ്കർ പറഞ്ഞു.
