‘എന്തിനാ ബൗളർമാർ, ബൗളിങ് മെഷീൻ പോരെ..?’; ബൗളർമാരെ തല്ലുകൊള്ളികളാക്കുന്ന നിയമങ്ങൾക്കെതിരെ തുറന്നടിച്ച് യുസ്വേന്ദ്ര ചഹൽ

ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന പിച്ചുകൾക്കും നിയമങ്ങൾക്കുമെതിരെ അമർഷം പരസ്യമാക്കി ഇന്ത്യൻ സ്പിൻ ബൗളർ യുസ്വേന്ദ്ര ചഹൽ. വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ 249 റൺസെടുത്തിട്ടും, ചേസ് ചെയ്ത് വിൻഡീസ് ജയിച്ചതിനു പിന്നാലെയാണ് ബൗളർമാർക്ക് ഒരു പിന്തുണയും നൽകാത്ത പിച്ചുകളെ കുറ്റപ്പെടുത്തി ചഹൽ രംഗത്തെത്തിയത്.
സഞ്ജു സാംസണിന്റെ മികച്ച ബാറ്റിങ് മികവിൽ 249 റൺസെടുത്തിട്ടും, കളിയിൽ ഇന്ത്യ 18.3 ഓവറിൽതന്നെ തോൽവി വഴങ്ങിയതോടെയാണ് പിച്ചും പ്രതിക്കൂട്ടിലായത്.
‘ചില വിക്കറ്റുകളിൽ ബൗളർമാരെ തുണക്കുന്ന ഒന്നുമില്ല. പന്തിന്റെ പുതുമ നഷ്ടപ്പെടുകയും, മഞ്ഞ് പതിക്കുകയും ചെയ്യുന്നതോടെ ബാറ്റിലേക്ക് ഒഴുകുകയായി. ഒപ്പം ഗ്രൗണ്ട് ചെറുതാകുന്നതിന്റെ ആനുകൂല്യവും ബാറ്റർക്ക് ലഭിക്കുന്നു. പിന്നെ, ബൗളർമാർ എന്തുചെയ്യണം? അവരുടെ സ്കില്ലിന് എന്ത് പ്രസക്തിയാണുള്ളത്. ബൗളർമാരോട് സഹതാപമുണ്ട്. കാരണം ഞാനും ഒരു ബൗളറാണ്’ -യുസ്വേന്ദ്ര ചഹൽ പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിനെ ആകർഷകമാക്കാൻ പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത് ബൗളർമാരുടെ കഴിവിനെ നശിപ്പിച്ചുകൊണ്ടാണെന്നും ചഹൽ കുറ്റപ്പെടുത്തി.
ഐ.പി.എല്ലിൽ ചെറിയ ഗ്രൗണ്ടുകളും, ബൗളർമാർക്ക് ഒരു ആനുകൂല്യവുമില്ലാത്ത ഫ്ലാറ്റ് വിക്കറ്റുകളുമാണുള്ളത്. ഇതുതന്നെ അന്താരാഷ്ട്ര മത്സരങ്ങളിലും പിന്തുടരുന്നു. മത്സരത്തിൽ ബൗളർക്ക് പ്രസക്തി തന്നെ നഷ്ടമാവുന്നു. ഈ സാഹചര്യത്തിൽ വിക്കറ്റിൽ ബൗളർമാർക്ക് അനുകൂലമായ സാഹചര്യം ഒരുക്കണം, അല്ലെങ്കിൽ മനുഷ്യനു പകരം ഒരു ബൗളിങ് മെഷീൻ ഇൻസ്റ്റാൾ ചെയ്യണം -ചഹൽ തുറന്നടിച്ചു.
