കണ്ണൂർ ജില്ല സ്കൂൾ കായികമേള; കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല ഒന്നാമത്

തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ജില്ല കായികമേളയില്‍ കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല. ശനിയാഴ്ച മത്സരങ്ങളുടെ 99 ഇനങ്ങൾ പൂർത്തിയായപ്പോൾ 17 സ്വര്‍ണവും ഒമ്പതു വെള്ളിയും ആറ് വെങ്കലവുമടക്കം 136 പോയന്റ് നേടിയാണ് പയ്യന്നൂര്‍ ഓവറോൾ കിരീടം സ്വന്തമാക്കിയത്. കായികമേളയിൽ രണ്ടാം ദിവസം മുതലാണ് പയ്യന്നൂർ മുന്നേറ്റം തുടർന്നത്. മത്സരങ്ങളുടെ ആദ്യ ദിനത്തിൽ തലശ്ശേരി നോർത്തായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം ദിവസം മുതൽ പയ്യന്നൂർ മുന്നേറ്റം തുടർന്നു. ജില്ല കായികമേളയിൽ തുടര്‍ച്ചയായി കിരീടം നേടുന്നത് പയ്യന്നൂരിന് ഖ്യാതിയായി.

12 സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴ് വെങ്കലവുമായി 108 പോയന്റ് നേടി തലശ്ശേരി നോര്‍ത്ത് ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. മട്ടന്നൂര്‍ സബ് ജില്ല ആറു സ്വര്‍ണവും 11 വെള്ളിയും 17 വെങ്കലവുമടക്കം 93 പോയന്റോടെ മൂന്നാം സ്ഥാനം നേടി. ഇരിക്കൂർ, ഇരിട്ടി, തലശ്ശേരി സൗത്ത് എന്നിവയാണ് തൊട്ടുപിന്നാലെയെത്തിയത്. ഇരിക്കൂറിന് 68 ഉം ഇരിട്ടിക്ക് 66 ഉം തലശ്ശേരി സൗത്തിന് 64 ഉം പോയൻറുകളുണ്ട്.

സ്‌കൂള്‍ വിഭാഗത്തില്‍ പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂൾ (പയ്യന്നൂർ) ഓവറോള്‍ ചാമ്പ്യന്മാരായി. ആറു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവും നേടി 42 പോയന്റോടെയാണ് ഒന്നാംസ്ഥാനം നേടിയത്.

മമ്പറം എച്ച്.എസ്.എസ് (തലശ്ശേരി നോർത്ത്) അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 39 പോയന്റോടെ രണ്ടാം സ്ഥാനം നേടി. മട്ടന്നൂര്‍ എച്ച്.എസ്.എസ് (മട്ടന്നൂർ) രണ്ടു സ്വര്‍ണവും ആറു വെള്ളിയും അഞ്ച് വെങ്കലവുമായി 31 പോയന്റ് നേടി മൂന്നാമതെത്തി. 26 പോയന്റുകൾ വീതം നേടി സെൻറ് തോമസ് ഹൈസ്കൂൾ മണിക്കടവ് (ഇരിക്കൂർ), കൂടാളി എച്ച്.എസ്.എസ് (മട്ടന്നൂർ) നാലാം സ്ഥാനത്തും 24 പോയന്റുകൾ വീതം നേടി എ.വി.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കരിവെള്ളൂർ (പയ്യന്നൂർ), റാണിജയ് എച്ച്.എസ് നിർമലഗിരി (കൂത്തുപറമ്പ്) അഞ്ചാം സ്ഥാനത്തുമെത്തി. 15 സബ്ജില്ലകളില്‍നിന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനം ലഭിച്ച മത്സരാര്‍ഥികളും തലശ്ശേരി സായി സെന്ററില്‍നിന്ന് 16 കുട്ടികളും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍നിന്ന് 23 കുട്ടികളുമടക്കം 2800ല്‍പരം മത്സരാര്‍ഥികളാണ് ഇത്തവണത്തെ മേളയുടെ ഭാഗമായത്. സമാപനസമ്മേളനം നഗരസഭാധ്യക്ഷന്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാസ് മന്‍സൂര്‍ അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി, നഗരസഭാംഗം ടി.വി. റാഷിദ എന്നിവർ വിജയികള്‍ക്ക് ട്രോഫികൾ കൈമാറി.