അഭിഷേക് ശർമയുടെ റെക്കോഡ് ഇനി പഴങ്കഥ! ചരിത്രം കുറിച്ച് പാക് നായകൻ സാഹിബ്സാദ ഫർഹാൻ

റാവൽപിണ്ടി: ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ലോകറെക്കോർഡ് തകർത്ത് പാകിസ്താന്റെ പുതിയ ടി20 ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഫർഹാൻ ഈ നേട്ടം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ആകെ 238 റൺസാണ് പാക് നായകൻ അടിച്ചുകൂട്ടിയത്. ഐസിസിയുടെ പൂർണ്ണ അംഗത്വമുള്ള രാജ്യങ്ങൾ തമ്മിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഫർഹാൻ സ്വന്തമാക്കിയത്. മുമ്പ് ഈ വർഷം ആദ്യം അഫ്ഗാനിസ്താനെതിരെ 229 റൺസ് നേടിയ ഇന്ത്യൻ താരം അഭിഷേക് ശർമയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.

പരമ്പരയിൽ തുടർച്ചയായ മൂന്ന് അർധസെഞ്ചുറികളാണ് ഫർഹാൻ നേടിയത്. ചൊവ്വാഴ്ച നടന്ന അവസാന പോരാട്ടത്തിൽ 47 പന്തിൽ നിന്ന് 76 റൺസെടുത്ത് ഫർഹാൻ മുന്നിൽ നിന്ന് നയിച്ചു. ഈ പട്ടികയിൽ 223 റൺസോടെ ന്യൂസിലൻഡിന്റെ കോളിൻ മൺറോ മൂന്നാമതും 217 റൺസുമായി ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ നാലാമതും 204 റൺസോടെ അഫ്ഗാനിസ്ഥാന്റെ ഹസ്റത്തുള്ള സസായി അഞ്ചാമതുമുണ്ട്.

സാഹിബ്സാദ ഫർഹാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും പക്ഷേ, മത്സരത്തിൽ പാകിസ്താന് എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഫർഹാന്റെ അർധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 17 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 47 പന്തിൽ പുറത്താകാതെ 87 റൺസ് അടിച്ചുകൂട്ടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പ്ലെയർ ഓഫ് ദി മാച്ചും മെൻഡിസ് കരസ്ഥമാക്കി. അവസാന മത്സരം തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്താൻ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യ പോരാട്ടത്തിൽ നാല് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 82 റൺസിനുമായിരുന്നു പാകിസ്താന്റെ വിജയം.

‘മുൻ മത്സരങ്ങളിലെ അതേ തന്ത്രവുമായാണ് ഞങ്ങൾ ഇറങ്ങിയത്. എന്നാൽ ഇതൊരു മത്സരമാണ്, എന്തും സംഭവിക്കാം. ഫോമിലായിരിക്കുമ്പോൾ പരമാവധി ടീമിനായി സംഭാവന ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.’ – സാഹിബ്സാദ ഫർഹാൻ

പാകിസ്താനെ അവസാന മത്സരത്തിൽ തളച്ച ശ്രീലങ്ക, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മികച്ചുനിൽക്കാൻ സാധിച്ചതായി ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് പറഞ്ഞു. പവർപ്ലേക്ക് ശേഷം തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത കമിന്ദു മെൻഡിസിന്റെ (27 പന്തിൽ 40*) പ്രകടനത്തെയും ക്യാപ്റ്റൻ പ്രശംസിച്ചു. ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മിഡിൽ ഓവറുകളിൽ പാകിസ്താൻ റൺസ് വാരിക്കൂട്ടുന്നതിൽ നിന്ന് തടയാൻ ടീമിന് കഴിഞ്ഞതാണ് മത്സരത്തിൽ നിർണായകമായതെന്നും മെൻഡിസ് കൂട്ടിച്ചേർത്തു.