വീ​ട് വി​ട്ടി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി അ​സം സ്വ​ദേ​ശി

മ​ഞ്ചേ​രി: അ​സ​മി​ൽ​നി​ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​യാ​തെ തി​രു​പ്പൂ​രി​ൽ ജോ​ലി തേ​ടി​യി​റ​ങ്ങി​യ മൂ​ന്ന് പ​തി​ന​ഞ്ച് വ​യ​സ്സു​കാ​രി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യും ര​ക്ഷ​ക​നു​മാ​യി അ​സം സ്വ​ദേ​ശി അ​സ​ദു​ൽ ഇ​സ്‍ലാം. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് അ​സ​ദു​ൽ ഇ​സ്‍ലാ​മും മ​റ്റ് ര​ണ്ടു​പേ​രും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​മാ​യി മ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. അ​സ​മി​ലെ ചി​രാ​ഗ് ജി​ല്ല​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​യി​രു​ന്നു.

മ​ഞ്ചേ​രി ചെ​ര​ണി​യി​ലെ ചൈ​നീ​സ് ക്ലോ​ത്തി​ങ് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​ണ് 36കാ​ര​നാ​യ അ​സ​ദു​ൽ ഇ​സ്‍ലാം. അ​സ​മി​ലെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് ട്രെ​യി​നി​ലെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്‌​മെൻറി​ൽ കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര​റി​യാ​തെ തി​രു​പ്പൂ​രി​ലെ മി​ല്ലു​ക​ളി​ൽ ജോ​ലി തേ​ടി​യി​റ​ങ്ങി​യ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. മൂ​വ​രു​ടെ​യും കൈ​യി​ൽ ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വീ​ട്ടു​കാ​ർ വി​ളി​ച്ച​പ്പോ​ൾ ഒ​രി​ക്ക​ൽ​പോ​ലും എ​ടു​ത്തി​ല്ല. പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ല​ത്തി​റ​ങ്ങി​യാ​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ചും ഈ ​പ്രാ​യ​ത്തി​ൽ നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും അ​സ​ദു​ൽ ബോ​ധ്യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും, പെ​ൺ​കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി മ​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.പെ​ൺ​കു​ട്ടി​ക​ളെ ഉ​ട​ൻ​ത​ന്നെ മ​ല​പ്പു​റ​ത്തെ റെ​സ്ക്യൂ ഹോ​മാ​യ ‘സ്നേ​ഹി​ത’​യി​ലേ​ക്ക് മാ​റ്റി. ഒ​പ്പം അ​സ​മി​ലെ ചി​രാ​ഗ് ജി​ല്ല​യി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​രെ​യും വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ വീ​ട്ടു​കാ​ർ അ​വ​രെ സു​ര​ക്ഷി​ത​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.